banner

സ്വര്‍ണക്കടത്ത് കേസ് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമായ ഉദ്ദേശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. “രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കണം. കേരളത്തിലെപ്പോഴും സംഘര്‍ഷങ്ങളും കലാപങ്ങളുമുള്ള സാഹചര്യം നിലനിര്‍ത്തുകയാണ് ലക്ഷ്യം. അതിനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്,” കോടിയേരി വ്യക്തമാക്കി.

“സ്വര്‍ണക്കടത്ത് കേസ് ആദ്യമായി ഉയര്‍ന്ന് വന്നത് 2020 ജൂണ്‍ അഞ്ചിനാണ്. ശരിയായ വിധത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കുകയാണുണ്ടായത്. സ്വര്‍ണം എവിടെ നിന്ന് വന്നും ആരാണ് കൈപ്പറ്റുന്നത് എന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്നതായിരുന്നു അന്ന് ഉയര്‍ന്ന് വന്ന പ്രധാന ആവശ്യം. ഇത്രയും കാലമായിട്ടും ഈ രണ്ട് കാര്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല,” കോടിയേരി പറഞ്ഞു.
“സ്വര്‍ണം അയച്ചു എന്ന് പറയുന്ന വ്യക്തി ഈ കേസില്‍ പ്രതിയാണോ, സ്വര്‍ണം കൈപ്പറ്റി എന്ന് പറയുന്ന വ്യക്തി കേസില്‍ പ്രതിയാണോ, ഈ കേസില്‍ അന്ന് വിദേശകാര്യ വകുപ്പ് സ്വീകരിച്ച നിലപാട് ഡിപ്ലൊമാറ്റിക് ബാഗേജ് വഴിയല്ല സ്വര്‍ണം വന്നതെന്നാണ്. ഇതാണ് കേസില്‍ വഴിത്തിരവായത്. ശരിയായ അന്വേഷണം നടത്തുന്നതിന് സഹയാകരമല്ലാത്ത നിലപാടാണ് വിദേശകാര്യ വകുപ്പ് സ്വീകരിച്ചത്,” കോടിയേരി കൂട്ടിച്ചേര്‍ത്തു.

“പിന്നീട് ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണമെത്തുമെന്ന നിലവരെ വന്നു. അതോടെ അന്വേഷണത്തിന്റെ ഗതി മാറി. അന്വേഷണത്തിന്റെ ഗതി തന്നെ മാറി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വരെ മാറ്റുന്ന അവസ്ഥയിലേക്കെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കാനുള്ള ശ്രമം തുടക്കം മുതലുണ്ടായി. അത് ഒന്നര വര്‍ഷത്തോളം ഏജന്‍സികള്‍ അന്വേഷിക്കുകയും ചെയ്തു,” അദ്ദേഹം വിശദമാക്കി.

“നിലവിലത്തെ സാഹചര്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഇതിന്റെ ഭാഗമായാണ് കേസിലെ പ്രതി ചില വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് 164 ലെ വിവരങ്ങള്‍ കൊടുത്തയാളുതന്നെ വെളിപ്പെടുത്തുകയാണ്. സാധരണഗതിയില്‍ 164 കൊടുത്താല്‍ അത് കോടതിയുടെ രഹസ്യരേഖയാണ്. ആ രേഖ അന്വേഷണ ഏജന്‍സി പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്,” സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

“ഇവിടെ പക്ഷെ ഉദ്ദേശിക്കുന്നത് അതല്ല, പ്രചരണമാണ്. മുഖ്യമന്ത്രിക്കെതിരെ പ്രചരിപ്പിക്കണം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പ്രചരിപ്പിക്കണം. ഈ ഉദ്ദേശത്തോടെയാണ് ഇപ്പോള്‍ 164 കൊടുത്തുവെന്ന് പറയുന്ന ഭാഗം അവര് വെളിപ്പെടുത്തിയപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്ന മൊഴി നോക്കുമ്പോള്‍ നിറയെ വൈരുദ്യങ്ങളാണ്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമാണ്,” കോടിയേരി കൂട്ടിച്ചേര്‍ത്തു.
“ആദ്യം അവര് തന്നെയാണ് പറഞ്ഞത് എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന്. അത് പിന്നീട് മാറ്റി. മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്നായിരുന്നു ഒന്നരവര്‍ഷം മുന്‍പ് നല്‍കിയ മൊഴി. മുഖ്യമന്ത്രിയുടെ കുടുംബവുമായി വ്യക്തിപരമായി ബന്ധമില്ലെന്നായിരുന്നു ആദ്യം കൊടുത്ത മൊഴി. ഇപ്പോള്‍ അതിന് വ്യത്യസ്തമായിട്ടാണ് പറയുന്നത്. ഒരോ ഘട്ടത്തിലും ഇത്തരത്തില്‍ മൊഴികൊടുത്തയാളുടെ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് എത്രത്തോളം വിശ്വസനീയമാണെന്ന് കോടതിയാണ് പരിശോധിക്കേണ്ടത്,” കോടിയേരി പറഞ്ഞു.

“പുതുതായി വന്നിരിക്കുന്ന കാര്യം ബിരിയാണി ചെമ്പിലൂടെ ലോഹം കടത്തിയെന്നതാണ്. നേരെത്തെ ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയെന്നായിരുന്നു. പിന്നെ ഖുറാനില്‍ സ്വര്‍ണം കടത്തിയെന്നായിരുന്നു. ഇതിനെതിരെയെല്ലാം ചോദ്യം വന്നപ്പോഴാണ് ഇപ്പോള്‍ ബിരിയാണി ചെമ്പുമായി വന്നിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും ലക്ഷ്യമിട്ട് നടത്തുന്ന സംഘടിതമായ ആക്രമണമാണ്,” കോടിയേരി വ്യക്തമാക്കി.

“ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് എന്താണെന്ന് സര്‍ക്കാര്‍ കണ്ടെത്തണം. ശരിയായ കാര്യങ്ങളും ആരോപണങ്ങളും ആര്‍ക്കും ഉന്നയിക്കാം. പക്ഷെ, ഈ ഒരു ആരോപണം ഉന്നയിക്കുക. പിറ്റെ ദിവസം തന്നെ കേരളത്തില്‍ കലാപം ആരംഭിക്കുക. ഇത് ആസൂത്രിതമായി നടത്തിയ ഗൂഢപദ്ധതിയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്,” കോടിയേരി ചൂണ്ടിക്കാണിച്ചു.

Post a Comment

0 Comments