കോട്ടയം : മുഖ്യമന്ത്രിക്കെതിരെ നാടൊട്ടുക്കും പ്രതിഷേധങ്ങൾ നടത്തുന്നതിനിടെ ഡിസിസി ജനറൽ സെക്രട്ടറിമാർ തമ്മിൽ നടുറോഡിൽ പൊരിഞ്ഞയടി. കോട്ടയത്താണ് സംഭവം. കോട്ടയത്ത് ഡിസിസി ഓഫിസിന് മുന്നിൽ ജനറൽ സെക്രട്ടറിമാരുടെ തമ്മിലടിയിൽ ഉത്തരം മുട്ടി കോൺഗ്രസ്.
സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് രംഗത്ത് വന്നതോടെയാണ് സംസ്ഥാനമൊട്ടുക്കും മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യവുമായി കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ആരംഭിച്ചത് . മുഖ്യമന്ത്രിയുടെ സഞ്ചാരവഴിയിലെല്ലാം കരിങ്കൊടികളുമായി ബിജെപി കോൺഗ്രസ്സ് പ്രവർത്തകർ അണിനിരന്നിരുന്നു. കനത്ത സുരക്ഷക്കിടെ ബി.ജെ.പി, യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് യൂത്ത് കോൺഗ്രസുകാരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ ഇന്നലെ വിമാനത്തിൽവെച്ചും മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ്- സിപിഎം പ്രവർത്തകരെ തമ്മിൽ വാക്ക് തർക്കവും, കയ്യാങ്കളിയും നടക്കുകയാണ്. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്തും സിപിഎം ആക്രമം അഴിച്ചുവിട്ടിരുന്നു.
കോട്ടയം കുമാരനെല്ലൂരിൽ ഇന്നലെ സിപിഎം ലേക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ കോൺഗ്രസിന്റെ സ്മൃതിമണ്ഡപം തകർത്തിരുന്നു.
ഇതിനിടെയാണ് കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിമാർ തമ്മിൽ നടുറോഡിൽ പൊരിഞ്ഞയടി നടക്കുന്നത്. ഡിസിസി ജനറൽ സെക്രട്ടറിമാരുടെ തമ്മിലടിക്ക് കൃത്യമായ മറുപടി പറയാൽ കഴിയാതെ ഉത്തരംമുട്ടി കോൺഗ്രസ് ജില്ലാ നേത്വത്തിന് തലയിലൂടെ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
0 Comments