കൊല്ലം : പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വൻ കവർച്ചയിൽ ട്വിസ്റ്റ്. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ പ്രതി പ്രദേശവാസി. പത്തനാപുരം പാടം സ്വദേശി ഫൈസൽ രാജാണ് പിടിയിലായത്. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്നാണ് പത്തനാപുരം പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോളാണ് പ്രതി പിടിയിലായത്.
മേയ് 15-ാം തീയതിയാണ് പത്തനാപുരം ടൗണിൽ പ്രവർത്തിക്കുന്ന 'പത്തനാപുരം ബാങ്കേഴ്സ്' എന്ന ധനകാര്യ സ്ഥാപനത്തിൽ മോഷണം നടന്നത്. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 38 ലക്ഷം രൂപയുടെ സ്വർണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നായിരുന്നു ഉടമയുടെ പരാതി. മോഷണത്തിന് മുമ്പ് പൂജ നടത്തിയതിന്റെയും തെളിവുകൾ ലഭിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള കവർച്ചാസംഘങ്ങൾ ചെയ്യുന്നത് പോലെ മദ്യവും ശൂലവും നാരങ്ങയുമെല്ലാം വെച്ച് വിളക്കുതെളിയിച്ചായിരുന്നു പൂജ. സ്ഥാപനത്തിലാകെ ബാർബർ ഷോപ്പിൽനിന്നുള്ള തലമുടിയും വിതറിയിരുന്നു. എന്നാൽ ഇത് പോലീസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
തമിഴ്നാട്ടിൽനിന്നുള്ള ചില സംഘങ്ങളാണ് പൂജയ്ക്ക് ശേഷം കവർച്ച നടത്താറുള്ളത്. പത്തനാപുരത്തെ സംഭവത്തിലും ഈ സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ അന്വേഷണം. എന്നാൽ പത്തനാപുരത്തെ പൂജയും മറ്റും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെ, സംഭവദിവസം പ്രദേശത്തെ ഫോൺവിളികൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് നിർണായകമായ വിവരങ്ങൾ ലഭിച്ചത്.
മോഷണം നടന്ന ദിവസം പത്തനാപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചയാളുടെ ഫോൺവിളികളിലാണ് പോലീസിന് സംശയമുണർന്നത്. അന്വേഷണത്തിൽ ഇയാൾ എറണാകുളത്ത് സ്വർണം പണയംവെച്ചതായും കണ്ടെത്തി. തുടർന്നാണ് പണയംവെച്ചത് ഫൈസൽ രാജാണെന്നും ഇയാളാണ് മോഷണത്തിന് പിന്നിലെന്നും പോലീസ് സ്ഥിരീകരിച്ചത്. പോലീസ് തന്റെ പിന്നാലെയുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി ഇതോടെ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
0 Comments