banner

ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. യശ്വന്ത് സിന്‍ഹയെ രാഷ്‌ട്രപതിയായി തീരുമാനിക്കുമ്പോള്‍ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മായാവതി ആരോപിച്ചു. എന്നാൽ ഈ തീരുമാനം ഒരിക്കലും ബിജെപിയേയും എന്‍ഡിഎയേയും പിന്തുണച്ച് കൊണ്ടുള്ളതല്ലെന്നും അവർ വ്യക്തമാക്കി. ഈ തീരുമാനം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരായിട്ടുമല്ല. മറിച്ച് തങ്ങളുടെ പാര്‍ട്ടിയേയും അതിന്റെ പ്രസ്ഥാനങ്ങളേയും ഓര്‍ത്തു കൊണ്ടാണെന്നും മായാവതി പറഞ്ഞു. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം മികച്ചതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതെന്നും മായാവതി വ്യക്തമാക്കി.

ജെഡിഎസും ദ്രൗപതി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.വെങ്കയ്യ നായിഡു, കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരി​ഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാ​ഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപദി മുര്‍മ്മുവിലേക്ക് ബിജെപി എത്തിയത്. ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
 
അടിസ്ഥാനവർഗ്ഗത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് ദ്രൗപദി മുർമു.

Post a Comment

0 Comments