banner

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശം; ബി.ജെ.പി വനിതാ നേതാവിനെതിരെ കേസ്

ഡെൽഹി : ടി.വി ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മക്കെതിരെ കേസെടുത്ത് പൊലീസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറും എന്‍.സി.പി പ്രാദേശിക നേതാവുമായ അബ്ദുള്‍ ഗഫൂര്‍ പത്താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. (Police have registered a case against BJP leader Nupur Sharma for making remarks about the Prophet Muhammad during a televised discussion)

മെയ് 28 ന് ഗ്യാന്‍വാപി വിഷയത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

’അവര്‍ മുസ്ലീങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുക മാത്രമല്ല, സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുകയും ചെയ്തു,’എന്ന് അബ്ദുള്‍ ഗഫൂര്‍ പത്താന്‍ പരാതിയില്‍ പറയുന്നു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ആദ്യം വിമുഖത കാട്ടിയെങ്കിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പരാതി രജിസ്റ്റര്‍ ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.

153 എ, 153 ബി, 295 എ വകുപ്പുകള്‍ ചുമത്തിയാണ് ശര്‍മക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഇതേ നിയമ വ്യവസ്ഥകള്‍ പ്രകാരം  നേരത്തെ മുംബൈയില്‍ രണ്ട് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു .

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ചുമതലയുള്ള സീനിയര്‍ ഇന്‍സ്പെക്ടര്‍ സര്‍ദാര്‍ പാട്ടീല്‍ പറഞ്ഞു.

അതേസമയം ഗ്യാന്‍വാപി വിഷയത്തില്‍ ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകരായ ഹരിശങ്കര്‍ ജെയിന്‍, വിഷ്ണു ജെയിന്‍ എന്നിവരെ വിചാരണയില്‍ നിന്ന് മാറ്റി.

ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട മറ്റു 4 കേസുകളിലും തുടര്‍ന്നും ഹാജരാകുമെന്ന് ഹരിശങ്കര്‍ ജയിന്‍ വ്യക്തമാക്കി. ആകെ 5 ഹര്‍ജികളാണ് ഈ വിഷയത്തിലുള്ളത്.

ഗ്യാന്‍വാപി പള്ളി കേസില്‍ കോടതി നടപടികള്‍ മാധ്യമങ്ങളോടു വിശദീകരിക്കുന്നതും ജെയിനും മകനുമാണ്. ഹരിശങ്കര്‍ ജയിന്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലും ഹാജരായിട്ടുണ്ട്.


Post a Comment

0 Comments