banner

നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പോലിസ് കസ്റ്റഡിയില്‍

മലപ്പുറം : ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പോലിസ് കസ്റ്റഡിയിലായതായി സൂചന. ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്. സുഹൃത്തുക്കള്‍ക്കൊപ്പം നായാട്ടിനു പോയ യുവാവ് വെടിയേറ്റു മരിച്ച സംഭവം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്ന നിഗമനത്തിലാണ് പോലിസ്. സംഭവത്തില്‍ അറസ്റ്റിലായ അലി അസ്‌കറിനും, സുനീശനും പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലിസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പോലിസ് പിടിയിലായത്.

ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ അറസ്റ്റിലായവരെ കൂടാതെ മറ്റു പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. സ്ഥിരമായി നായാട്ടിന് പോകുന്ന ഈ സംഘത്തിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ച്‌ അലി അസ്‌കറാണ് വെടിവെച്ചതെന്ന് പോലിസ് കണ്ടെത്തിയിരുന്നു. വയറിന് ഗുരുതര പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. തോക്ക് അലി അസ്‌കറിന്റേതാണെന്നും പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ പോലിസ് അന്വേഷിച്ചുവരുകയാണ്. രാത്രിയില്‍ കാട്ടുപന്നിയുടെ ശല്യം ഏറെയുള്ള പ്രദേശമാണിത്.

Post a Comment

0 Comments