banner

വാതിലിൽ മുട്ടിയിട്ടും ആരും ഉത്തരം നൽകിയില്ല; അകത്ത് കയറിയതോടെ കണ്ടത് മുഴുവൻ മ‍ൃതദേഹങ്ങളും; 13 പേർ അറസ്റ്റിൽ

മുംബൈ: ഒരു കുടുംബത്തിലെ ഒമ്പത് പേർ ജീവനൊടുക്കിയ സംഭവത്തിൽ സ്വകാര്യ പണമിടപാട് സംഘത്തിലെ 13 പേർ അറസ്റ്റിൽ. സംഭവത്തിൽ 25 പേർക്കെതിരെ കേസെടുത്തതായി സാംഗ്ലി എസ്.പി ദീക്ഷിത് ഗെദം ചൊവ്വാഴ്ച പറഞ്ഞിരുന്നു.

തിങ്കളാഴ്ചയാണ് രണ്ട് സഹോദരങ്ങളുടെ കുടുംബത്തിലെ ഒമ്പത് പേർ വ്യത്യസ്ത സ്ഥലങ്ങളിലെ വീടുകളിൽ വിഷം കഴിച്ച് മരിച്ചതായി കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറായ പോപ്പാട്ട് യല്ലപ്പ വാൻമോർ (52), സംഗീത പോപ്പട്ട് വാൻമോർ (48), അർച്ചന പോപ്പട്ട് വാൻമോർ (30), ശുഭം പോപ്പാട്ട് വാൻമോർ (28), മണിക് യല്ലപ്പ വാൻമോർ (49), രേഖാ മാണിക് വാൻമോർ (45), ആദിത്യ മണിക് വാൻമോർ (15), അനിത മണിക് വാൻമോർ (28), അക്കത്തൈ വാൻമോർ (72) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ മുതൽ അംബികാ നഗർ ചൗക്കിലെ വസതിയുടെ വാതിൽ തുറന്നിട്ടില്ലെന്ന് സമീപവാസികൾ പറഞ്ഞു. വാതിലിൽ മുട്ടിയിട്ടും ആരും ഉത്തരം നൽകിയില്ല. തുടർന്ന് വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് ആറ് പേർ മരിച്ചതായി കണ്ടെത്തിയത്. ബാക്കിയുള്ള മൂന്ന് പേരുടെ മൃതദേഹങ്ങൾ രാജധാനി കോർണറിന് സമീപം മറ്റൊരു വസതിയിൽ പിന്നീട് കണ്ടെത്തി. വാൻമോർ സഹോദരന്മാരും മറ്റ് ചില കുടുംബാംഗങ്ങളും കുറ്റാരോപിതരായ പണമിടപാടുകാരിൽ നിന്ന് ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു.

കൃത്യസമയത്ത് പലിശ അടച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങളെ പണമിടപാടുകാർ വാക്കാലും ശാരീരികമായും ഉപദ്രവിച്ചു. സമ്മർദ്ദം സഹിക്കാതെ വന്നപ്പോഴാണ് എല്ലാവരും ജീവനൊടുക്കിയതെന്ന് ലോക്കൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ അജയ് സിന്ദ്കർ പറഞ്ഞു. സംഭവത്തിന് ഡൽഹിയിലെ ബുരാരി കൂട്ട മരണവുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുമെന്നാണ് എസ്.പി ഗെദം ദീക്ഷിത് പറഞ്ഞത്. 2018 ജൂലൈയിലായിരുന്നു ‘മോക്ഷപ്രാപ്തി’ നേടുന്നതിനായി ഒരു കുടുംബത്തിലെ 11പേർ ഡൽഹിയിലെ ബുരാരിയിൽ ജീവനൊടുക്കിയത്.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments