banner

ക്യാപ്റ്റന്‍ വിളിയും, ലീഡര്‍ വിളിയും അത്ര നല്ലതല്ല!; അത് കോണ്‍ഗ്രസിനെ നന്നാക്കാനല്ല; വിഡി സതീശൻ

തിരുവനന്തപുരം : ക്യാപ്റ്റന്‍, ലീഡര്‍ വിളിയില്‍ താന്‍ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ ലീഡറല്ല, കേരളത്തില്‍ ഒരേ ഒരു ലീഡറേയുള്ളു. അത് കെ കരുണാകരനാണ്. ബോര്‍ഡില്‍ തന്റെ മാത്രം ഫ്‌ലക്‌സുണ്ടെങ്കില്‍ അത് ഇന്ന് തന്നെ നീക്കം ചെയ്യണമെന്ന് സതീശന്‍ പറഞ്ഞു. തൃക്കാക്കരയിലെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

ജനങ്ങള്‍ നല്‍കുന്ന സ്വീകരണം തൃക്കാക്കരയിലെ വിജയത്തിന്റെ സന്തോഷപ്രകടനം മാത്രമാണ്. ഇത് ഒരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ യുഡിഎഫിന് തിരിച്ചുവരാന്‍ കഴിയുകയുള്ളു. ഈ ആവേശം താത്കാലികമായ ഒരുതള്ളിച്ച മാത്രം ആകരുത്. കൂട്ടായ, യോജിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തൃക്കാക്കരയില്‍ മികച്ച വിജയം നേടാനായത്. തൃക്കാക്കരയിലെ വിജയത്തില്‍ തന്റെ മാത്രം ഫോട്ടോ വച്ച് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കില്‍ ഇന്ന് തന്നെ നീക്കം ചെയ്യണം. അല്ലെങ്കില്‍ എല്ലാ നേതാക്കന്‍മാരുടെയും ഫോട്ടോ വെക്കണം.തൃക്കാക്കരയിലെ വിജയം താന്‍ എന്ന ഒരു വ്യക്തിയിലേക്ക് ഒതുക്കരുതെന്നും സതീശന്‍ പറഞ്ഞു.

ക്യാപ്റ്റന്‍ വിളിയും ലീഡര്‍ വിളിയും കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ല. കൂട്ടായ പ്രയത്‌നത്തിലൂടെ മാത്രമെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകും. ഇപ്പോള്‍ പാര്‍ട്ടിയില്‍ കരുത്തുറ്റ ഒരു രണ്ടാംനിര ഉണ്ടായിരുന്നുവരുന്നു. മൂന്നാംനിരയും നാലാം നിരയും ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വം ആഗ്രഹിക്കുന്നത്. സംസ്ഥാനത്ത് പുതിയ നേതൃത്വം വന്നതിന് പിന്നാലെ രാജ്യസഭയിലും നിയമസഭയിലും വനിത അംഗങ്ങള്‍ ഉണ്ടായെന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നാതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമിടുന്നതെന്നും സതീശന്‍ പറഞ്ഞു. 

إرسال تعليق

0 تعليقات