banner

എത്ര നുപൂർ-നവീൻമാർ ഉറഞ്ഞു തുള്ളിയാലും, ഞങ്ങൾക്ക് ജീവനാണ് ജീവനേക്കാൾ അപ്പുറമാണ് പ്രവാചകൻ; അബ്ദുൽ നാസർ മഅദനി

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനി. എത്ര നുപൂർ-നവീൻമാർ ഉറഞ്ഞു തുള്ളിയാലും, ഞങ്ങൾക്ക് ജീവനാണ് ജീവനേക്കാൾ അപ്പുറമാണ് മുഹമ്മദ് നബിയെന്നും സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വീകാര്യത ഇല്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആർത്തട്ടഹസിച്ചാൽ തകർന്നുപോകുന്നതല്ല അവിടുത്തേയുടെ മഹോന്നത വ്യക്തിത്വമെന്നും തൻ്റെ ഫേസ്ബുക്ക് ഹാൻ്റിലിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

അബ്ദുൽ നാസർ മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മഹാത്മാഗാന്ധി,ശ്രീനാരായണഗുരു,സ്വാമി വിവേകാനന്ദൻ, ബെർണാഡ്ഷാ,ലാമാർട്ടിൻ,മൈക്കൽ എച് ഹാർട്ട്, ലിയോ ടോൾസ്റ്റോയ്......ഇങ്ങനെ
ലോക പ്രശസ്തരും അഭ്യസ്തവിദ്യരും രാഷ്ട്ര തന്ത്രജ്ഞരും തത്വജ്ഞാനികളു മായ എത്ര മഹത്തുക്കളാണ് തിരു ദൂതർ മുഹമ്മദ് (സ) യെ പഠിച്ചു മനസ്സിലാക്കി വാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും......
സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വീകാര്യത ഇല്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആർത്തട്ടഹസിച്ചാൽ തകർന്നുപോകുന്നതല്ല അവിടുത്തേയുടെ മഹോന്നത വ്യക്തിത്വം.

പ്രവാചകാക്ഷേപം പുലമ്പി മുസ്‌ലിം സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങൾ സൃഷ്ടിച്ച്‌ കൂട്ട വംശഹത്യ നടത്തുവാൻ ലക്ഷ്യമിടുന്നവരും വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുവാൻ ഹീനമായ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നവരും ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിന്റെ മുന്നിൽ തകർത്തത്
ഒപ്പം രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ നിങ്ങൾ അപമാനിതരാക്കി.

ഒന്നുകൂടി: എത്ര നുപൂർ-നവീൻമാർ ഉറഞ്ഞു തുള്ളിയാലും ഏതെല്ലാം അധികാര സംവിധാനങ്ങൾ ഉപയോഗിച്ചു തകർക്കാൻ ശ്രമിച്ചാലും മുഹമ്മദ് (സ) ഞങ്ങൾക്ക് ജീവനാണ് ജീവനേക്കാൾ അപ്പുറമാണ്...
അത് ഭരണ തിട്ടൂരങ്ങൾക്കൊത്ത്‌ മാറിമറിയുന്ന താത്കാലിക വികാരമല്ല ദേഹവും ദേഹിയും പിരിയുന്നത് വരെയും അതിന് ശേഷവും അങ്ങനെ തന്നെയായിരിക്കുക തന്നെ ചെയ്യും എന്തെല്ലാം ത്യജിക്കേണ്ടി വന്നാലും ഏതൊക്കെ ഭീഷണികൾ അഭിമുഖീകരിക്കേണ്ടി വന്നാലും........ഇതു മാറ്റമില്ലാത്ത പ്രഖ്യാപനമാണ്...ഇൻശാ അല്ലാഹ്.......

അതേസമയം പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നേതാക്കളെ പുറത്താക്കി ബിജെപി. പാര്‍ട്ടി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡലിനെയുമാണ് ബിജെപി പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ പ്രസ്താവന നടത്തിയതിനാലാണ് നടപടിയെന്ന് ബിജെപി അച്ചടക്ക സമിതി അറിയിച്ചു. 

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ മോശം പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. ഇസ്ലാം മത വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തണമെന്നുമാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടത്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അല്‍ ഖലീലിയും പ്രതിഷേധം വ്യക്തമാക്കിയുളള കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പ്രവാചകനും ഭാര്യക്കുമെതിരായ പരാമര്‍ശം ലോകത്തുളള ഓരോ മുസ്ലീമിനുമെതിരായ യുദ്ധപ്രഖ്യാപനമാണ് എന്നാണ് ഖലീലി ട്വീറ്റ് ചെയ്തത്

Post a Comment

0 Comments