banner

യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് മനുഷ്യകവകാശ കമ്മിഷന്‍ ഉത്തരവ്. കല്ലിയൂര്‍ തെറ്റിവിള സ്വദേശിനി ബീന നല്‍കിയ പരാതിയിലാണ് നടപടി. 

ബീനയുടെ മകള്‍ രേവതി (29) 2021 ഓഗസ്റ്റ് 10നാണ് എസ് എ റ്റി ആശുപത്രിയില്‍ മരിച്ചത്. തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയില്‍ 10ന് രാവിലെ ആശുപത്രി അധികൃതര്‍ നേരിട്ട് എസ് എ റ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവതിയുടെ അമ്മ തമ്പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി ഒരു റിപ്പോര്‍ട്ട് ജൂലൈ 25നകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറും സമര്‍പ്പിക്കണം.

തൈക്കാട് ആശുപത്രിയില്‍ രേവതിയെ ചികിത്സിച്ച ഡോക്ടറെ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറെ രണ്ടാം പ്രതിയായും തമ്പാനൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, അതിന് ശേഷം യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. രേവതിയുടെ മരണ സര്‍ട്ടിഫിക്കേറ്റ് നഗരസഭ നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.

ആശുപത്രി മരണ വിവരം അറിയിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണമെന്നും പരാതിയില്‍ പറയുന്നു. കേസില്‍ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ച മനുഷ്യാവകാശ കമ്മീഷന്‍. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും.

Post a Comment

0 Comments