banner

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്താവും

പാലക്കാട് : റവന്യൂ പോർട്ടലിൽ ഭൂരേഖകൾ പുതുക്കാത്തത് സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാകുന്നു. കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച കിസാൻ സമ്മാൻ പദ്ധതിയിൽ നിന്ന് കേരളത്തിലെ ഭൂരിഭാഗം കർഷകരും ഇക്കാരണത്താൽ പുറത്തായേക്കാം. കേരള റവന്യൂ പോർട്ടലിലെ വിവരങ്ങൾ അപൂർണ്ണമായതിനാൽ പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷൻ പുതുക്കുമ്പോൾ കർഷകർ നൽകിയ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ അപേക്ഷ നിരസിക്കും.

ഈ വർഷം കേരളത്തിലെ കർഷകർക്കായി 70 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപ കർഷകന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. അഞ്ച് സെന്റ് മുതൽ അഞ്ച് ഏക്കർ വരെ കൈവശമുള്ള കർഷകർക്ക് അപേക്ഷിക്കാം. 2000ൽ കർണാടകയിലും 2001ൽ തമിഴ്നാട്ടിൽ എല്ലാ ഭൂരേഖകളും ഡിജിറ്റലൈസ് ചെയ്തു. അതിനാൽ, അവിടെയുള്ള കർഷകരെ പുതിയ പ്രശ്നം ബാധിക്കില്ല. കേരളത്തിൽ വൈകി തുടങ്ങിയ പ്രക്രിയ ഇപ്പോളും പുരോഗമിക്കുകയാണ്. സർവേ വകുപ്പാണ് ഇത് ചെയ്യുന്നത്.
കുടുംബസ്വത്തായി ലഭിച്ച ഭൂമി പലരും സ്വന്തം പേരിൽ ആക്കിയിട്ടില്ല. 

രജിസ്ട്രേഷന് വലിയ തുക ചെലവാകുന്നതിനാൽ പലരും ഇപ്പോൾ ഭൂമി കൈവശം വയ്ക്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്നത് ഭാഗ ഉടമ്പടിപ്രകാരമാണ് . റീസർവേ നടത്താത്ത ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ കുടിയേറ്റ മേഖലകളിലെ കർഷകരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കും. പട്ടയം ലഭിക്കാത്തവർ, ഭൂമി പൊക്കുവരവ് നടത്താത്തവർ, ഭാഗപത്രത്തിന്റെ അടിസ്ഥാനത്തിൽ നികുതി അടയ്ക്കുന്നവർ എന്നിവരെ ഇത്തവണ ഒഴിവാക്കും. ഫലത്തിൽ, കഴിഞ്ഞ തവണ സംസ്ഥാനത്ത് കിസാൻ സമ്മാൻ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരിൽ നാലിലൊന്നിന് മാത്രമേ ഇത്തവണ അത് ലഭിക്കൂ.

Post a Comment

0 Comments