banner

പ്രവാസികളുടെ പരിപാടിയിൽ ബഹിഷ്‌കരണം!; തീര്‍ത്തും അപഹാസ്യമായ ഒരു നിലപാടാണത് - പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്കരിച്ചതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭ ബഹിഷ്കരിച്ചത് അപഹാസ്യമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയോട് പുറം തിരിഞ്ഞ് നിൽക്കുകയല്ല വേണ്ടത്. ഏത് തരം ജനാധിപത്യമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ചിലര്‍ പറയുന്നത് രാഷ്ട്രീയ കാരണമാണ് ബഹിഷ്‌കരണത്തിന് പിന്നിലെന്നാണ്. എനിക്കത് മനസ്സിലാകുന്നില്ല. സമ്മേളനത്തിന്റെ തലേദിവസമാണ് എനിക്ക് അസുഖം ബാധിക്കുന്നത്. അതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഞാന്‍ പൊതുപരിപാടികളിലുണ്ട്. 

എറണാകുളത്തെ ചെല്ലാനത്തായിരുന്നു ഒരു പരിപാടി. അക്കൂട്ടത്തില്‍ യുഡിഎഫ് നേതാവ് ഹൈബി ഈഡനും അവിടെ ഉണ്ടായിരുന്നു. ബഹിഷ്‌കരണം ഒന്നും കണ്ടില്ല. അതിന്റെ അടുത്ത ദിവസം നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് നിയമസഭ സമ്മേളനം ചേരും. അത് കഴിഞ്ഞ് അടുത്തമാസം എംപിമാരുടെ യോഗം. ഇതിലൊക്കെ ഈ ആളുകളുണ്ടാകുമല്ലോ…അപ്പോള്‍ നിയമസഭയിലും എംപിമാരുടെ യോഗത്തിലും പൊതുപരിപാടികളും സഹകരിക്കാം. പ്രവാസികളുടെ പരിപാടിയില്‍ മാത്രം ബഹിഷ്‌കരണം. അതെന്താണ് അങ്ങനെ. തീര്‍ത്തും അപഹാസ്യമായ ഒരു നിലപാടാണത്’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോക കേരള സഭ വലിയ മാറ്റം ഉണ്ടാക്കി. ലോക കേരള സഭയിലെ നിർദ്ദേശങ്ങൾ പ്രായോഗികമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11 പ്രമേയങ്ങൾ ലോക കേരള സഭ അംഗീകരിച്ചു. ഈ പ്രമേയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കും. 

മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി അവതരിപ്പിച്ച സമീപന രേഖയും ലോക കേരള സഭ അംഗീകരിച്ചു.

Post a Comment

0 Comments