banner

പ്രവാചകനെതിരായ പരാമർശം; കുവൈറ്റിൽ സൂപ്പർ മാർക്കറ്റുകളിലെ ഇന്ത്യൻ ഉത്പന്നങ്ങൾ ഒഴിവാക്കുന്നു

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം പുകയുന്നു. കുവൈറ്റിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു. അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിൽ നിന്നാണ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചത്. ശൃംഖലയിലെ സ്റ്റോറുകളിലെല്ലാം ബഹിഷ്കരണം നടക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾ ഇന്ത്യൻ ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്നെടുത്ത് ട്രോളികളിൽ കൂട്ടിയിട്ടു. അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. ‘ഞങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ നീക്കം ചെയ്തു’ എന്ന് അറബിയിൽ രേഖപ്പെടുത്തിയ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് മുസ്ലീം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി അറിയിച്ചു.

ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവർ പിൻവലിച്ചു. തൻ്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു.

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

പരാമർശത്തിനെതിരെ കുവൈറ്റ്, ഖത്തർ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. കുവൈറ്റ്, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയം അതാത് രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.

Post a Comment

0 Comments