banner

സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ; മൂക്കിൽ നിന്ന് രക്തസ്രാവം

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില വീണ്ടും മോശമായി. കോവിഡ് ബാധിതയായി അശുപത്രിയിൽ തുടരുന്ന സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതായി കോൺഗ്രസിന്റെ ഐസി കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

കോവിഡിനെ തുടർന്ന് ജൂൺ 12നായിരുന്നു കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് സോണിയയ്ക്ക് മൂക്കിൽ കൂടി രക്തസ്രാവം അനുഭവപ്പെടുകയും കോൺഗ്രസ് അധ്യക്ഷയെ അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു. 

പിന്നീട് നടത്തിയ പരിശോധനയിൽ സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തുകയായിരുന്നു. ഒപ്പം കോവിഡാനന്തര രോഗലക്ഷ്ണങ്ങളും പ്രകടമാകുന്നുണ്ടെന്നും ജയറാം രമേശ് അറിയിച്ചു. 

നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും മകൻ രാഹുൽ ഗാന്ധിക്കും ഇഡി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കോവിഡ് ബാധയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് അധ്യക്ഷ രോഗം മാറിയതിന് ശേഷം ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി വീണ്ടും നോട്ടീസ് അയിച്ചിരുന്നു. കേസിൽ രാഹുൽ ഗാന്ധിയെ കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി കേന്ദ്ര ഏജൻസി ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്നലെ വ്യാഴാഴ്ച ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജൂൺ 17ന് ചോദ്യം ചെയ്യാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് രാഹുലിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സോണിയയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുൽ ഇഡിയോട് ആവശ്യപ്പെടുകയും കേന്ദ്ര ഏജൻസി അത് അനുവദിക്കുകയും ചെയ്തു. 

Post a Comment

0 Comments