banner

മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ ഭീഷണമുഴക്കിയെന്ന് സ്വപ്ന

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചതായി സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ വന്നത്. ഇന്നു രാവിലെ 10 മണിയ്ക്കകം ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അന്ത്യശാസനം നല്‍കിയെന്നും ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു. 

ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്ടെ തന്റെ ഓഫീസിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഷാജി സംസാരിച്ച ശബ്ദരേഖ തന്റെ പക്കലുണ്ട്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി എത്തിയത്. മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുള്ളയാളാണ്. കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇയാള്‍ പരിചയപ്പെടുത്തിയെന്ന് സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ആര്‍എസ്എസിന്റെയും ബിജെപിയുടേയും പ്രേരണയാലാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു മൊഴി നല്‍കിയതെന്ന് തിരുത്തിപ്പറയണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം പോസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. ഇപ്പോഴുള്ള കേസുകളില്‍ ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വരും. പുറം ലോകം കാണില്ല. അനുസരിച്ചില്ലെങ്കില്‍ പത്തുവയസ്സുള്ള മകന്‍ ഒറ്റക്കായി പോകുമെന്നും ഭീഷണിപ്പെടുത്തി. 

ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അടക്കം കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ തന്റെ രഹസ്യമൊഴിയില്‍ നടപടി എടുക്കാതെ പൂഴ്ത്തി വെക്കാനാണ് കസ്റ്റംസ് ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ പുരത്തു വരാതിരിക്കാന്‍ ജയിലില്‍ കിടക്കുന്ന ഘട്ടത്തിലും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പൊലീസുകാര്‍ തന്നെ അപായപ്പെടുത്തുമെന്ന ഘട്ടം വരെയുണ്ടായി. അതിനാലാണ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയാന്‍ നിര്‍ബന്ധിതയായത്. 

കേസ് തന്നെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം. ഇപ്പോഴുണ്ടായിട്ടുള്ള ആരോപണങ്ങളില്‍ താന്‍ പങ്കാളിയല്ലെന്നും ഹര്‍ജിയില്‍ സ്വപ്‌ന വ്യക്തമാക്കുന്നു. സ്വപ്‌നയ്ക്കു പുറമേ, സരിത്തും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. കെ ടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, പി സി ജോര്‍ജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, കലാപമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരം കന്റാണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Post a Comment

0 Comments