banner

പിഴവുകളുണ്ട്, 2011ലെ ജാതി സെൻസസ് പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ

ഡെല്‍ഹി : 2011ലെ ജാതി സെൻസസിന്റെ ഫലം പരസ്യപ്പെടുത്താത്തത് അബദ്ധങ്ങൾ മൂലമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 2011 ലെ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (എസ്ഇസിസി) മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ഡാറ്റയല്ല. സർവേയിൽ ചില പിശകുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് തെറ്റിദ്ധാരണകൾക്ക് കാരണമാകും. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

ഒ.ബി.സി സംവരണത്തെ പൂർണമായും പിന്തുണയ്ക്കുന്നതായി സർക്കാർ അറിയിച്ചു. എന്നാൽ, വ്യവസ്ഥകൾ നിഷ്കർഷിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി അനുസരിച്ചായിരിക്കും നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്തെ പിന്നാക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രത്യാഘാതങ്ങളും അന്വേഷിക്കാൻ ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.

2011 ലെ ജാതി സെൻസസിന്റെ ഫലം വെളിപ്പെടുത്താൻ കേന്ദ്രത്തിനും മറ്റ് അധികാരികൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സംസ്ഥാന സർക്കാർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും വിവരങ്ങൾ കൈമാറാൻ കേന്ദ്രം വിസമ്മതിച്ചതായി ഹർജിയിൽ പറയുന്നു. 

സംവരണത്തിനാ മാത്രമല്ല, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കും എസ്ഇസിസി 2011നെ ആശ്രയിക്കാനാവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Post a Comment

0 Comments