തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതൽ വൈദ്യുതി നിരക്ക് കൂടും. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഇല്ല. 100 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കൾ യൂണിറ്റിന് 25 പൈസ അധികം നൽകണം. കൊവിഡ് കാല ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനയെന്ന് റഗുലേറ്ററി കമ്മീഷൻ അറിയിച്ചു.
സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കൾ പ്രതിമാസം 50 യൂണ്ണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഇവരെ ബാധിക്കാതെയാണ് നിരക്ക് കൂടുന്നത്. 1000 വാട്ട് വരെ കൺക്ടഡ് ലോഡുള്ള പ്രതിമാസം 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്ലുകാര്‍ക്ക് നിരക്ക് വര്‍ദ്ധനയില്ല.
പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീട്ടു കണക്ഷന് യൂണിറ്റിന് 25 പൈസ വീതം കൂടും.
150 മുതല്‍ 200 യൂണിറ്റ് വരെ സിംഗിള്‍ ഫേസുകാര്‍ക്ക് ഫിക്സഡ് ചാര്‍ജ് 100 ൽ നിന്ന് 160 രൂപയാക്കി. മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നതിന് ഇപ്പോൾ നൽകേണ്ട 388 രൂപ ഇനി മുതൽ 410 ആകും. 300 യൂണിറ്റ് ഉപയോഗിക്കണമെങ്കിൽ 140 രൂപ അധികം നൽകണം. 1990 രൂപയാണ് പുതുക്കിയ ചാര്‍ജ്ജ്. 500 യൂണിറ്റിന് 4000 രൂപയും 550 യൂണിറ്റിന് 4900 രൂപയുമാണ് പുതിയ നിരക്ക്.
അനാഥാലയങ്ങൾ വൃദ്ധ സദനങ്ങൾ അംഗൻവാടികൾ എന്നിവരെ നിരക്ക് വര്‍ദ്ധന ബാധിക്കില്ല. 1000 വാട്ട് വരെ കൺക്ടഡ് ലോഡുള്ള ബിപിഎൽ കുടുംബങ്ങളിൽ അംഗപരിമിതരോ ക്യാൻസര്‍ രോഗികളോ ഉണ്ടെങ്കിൽ താരിഫ് വര്‍ദ്ധന ബാധകമല്ല.
എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്ക് സൗജന്യ നിരക്ക് തുടരും. ചെറിയ പെട്ടിക്കടകൾ, ബാങ്കുകൾ, തട്ടുകടകൾ എന്നിവക്ക് താരിഫ് ആനുകൂല്യം 1000 വാട്ടിൽ നിന്ന് 2000 വാട്ടാക്കി ഉയര്‍ത്തി. കാര്‍ഷിക ഉപഭോക്താക്കൾക്കും നിരക്ക് കൂടില്ല
0 Comments