banner

തൃക്കാക്കരയിൽ ആരു വാഴുമെന്ന് ഇന്നറിയാം: കഴിഞ്ഞ തവണ ഭൂരിപക്ഷം പതിനാലായിരത്തിലധികം!, കോൺഗ്രസിന് പ്രതീക്ഷകളേറെ; മുഖ്യമന്ത്രിയുടെ ക്യാപ്റ്റൻസിയിൽ ഇടത് ക്യാമ്പിലും പ്രതീക്ഷകൾ!; ബിജെപിയുടെ പ്രതീക്ഷ പുതു വോട്ടുകൾ; തൃക്കാക്കര ഒരു അവലോകനം

കൊച്ചി : പി ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്ന് നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഫലം മണിക്കൂറുകൾക്കുള്ളിൽ പുറത്ത് വരും. രാവിലെ എട്ട് മണിയോടെ എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിംഗ് സെന്ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടര മണിയോടെ ആദ്യ ഫല സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും പുറത്തുവരുമെന്നാണ് അനുമാനം.

വോട്ടെണ്ണലിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം തന്നെ എറണാകുളം മഹാരാജാസ് കോളേജില്‍ പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു.

21 ടേബിളുകളിലാണ് കൗണ്ടിംഗ്. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് കൂടാതെ ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും എല്ലാ കൗണ്ടിംഗ് ടേബിളുകളിലും സ്ഥാനാര്‍ത്ഥികളുടെ ഓരോ ഏജന്റുമാരും ഉണ്ടായിരിക്കും.

കൗണ്ടിംഗ് ഹാളിലെ മറ്റു ജോലികള്‍ക്കായി 100 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഹാളിലേയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ചീഫ് ഇലക്ഷന്‍ ഏജന്റിനും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

വോട്ടെണ്ണലിനുശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള സ്‌ട്രോംഗ് റൂമിലും വിവിപാറ്റ് യന്ത്രങ്ങള്‍ കുഴിക്കാട്ട് മൂല ഗോഡൗണിലും സൂക്ഷിക്കും.

കേരളക്കര ഉറ്റുനോക്കുന്ന വോട്ടെണ്ണല്‍ ഇങ്ങനെ :

രാവിലെ ഏഴരയോടെ സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് മെഷീനുകള്‍ കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും.

ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകള്‍ എന്ന കണക്കില്‍ ആദ്യത്തെ 11 റൗണ്ടും അവസാനം 8 ബൂത്തുകളും എണ്ണും. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ ഇതേരീതിയില്‍ എണ്ണും.

പ്രതീക്ഷകളുമായി കോൺഗ്രസ്...
അന്തരിച്ച എം.എൽ.എ പി ടി തോമസ് കഴിഞ്ഞ തവണ പതിനാലായിരത്തിൽ (മൊത്തം : 59839) അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് ക്യാമ്പിനെ തകർത്തത്. മുൻ തവണകളേക്കാൾ കുറവായിരുന്നു ഇതെങ്കിലും തൃക്കാക്കരയിലെ കോൺഗ്രസിൻ്റെ പ്രതീക്ഷകൾ വാനോളമാണ്. മാത്രമല്ല തൃക്കാക്കരയിലെ നാലാംചേരിയായ ട്വൻ്റി-ട്വൻ്റിയുടെ മൗനത്തിലും കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നുണ്ട്.

ഉറച്ച വിശ്വാസത്തോടെ ഇടത് ക്യാമ്പുകൾ...
തൃക്കാക്കരയിലെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള പ്രചരണമാണ് ഇത്തവണ എൽ.ഡി.എഫ് കാഴ്ചവച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ്സിൻ്റെ ഭൂരിപക്ഷം കുറയ്ക്കാൻ മുഖ്യമന്ത്രിയുടെ പേരിന് സാധിച്ചുവെങ്കിൽ ഇത്തവണ അദ്ദേഹം നേരിട്ടിറങ്ങുമ്പോൾ ത്യക്കാക്കര ചുവപ്പാകും എന്ന് തന്നെയാണ് ഇടത് ക്യാമ്പികളുടെ പ്രതീക്ഷ. പി.ടി തോമസിനെതിരെ കഴിഞ്ഞ തവണ മത്സരിച്ചത് ഡോ. ജെ. ജേക്കബ് ആയിരുന്നു. അന്ന് 33.32 % ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (മൊത്തം : 45510). ട്വൻ്റി-ട്വൻ്റിയുടെ മൗനം ഇടതിനനുകൂലമായാൽ  നിയമസഭയിലേക്ക് നൂറാമനായി ഡോക്ടറെത്തും.

പ്രതീക്ഷ വയ്ക്കാതെ ബി.ജെ.പി...
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെടുപ്പ് വരെ ചർച്ചയായ ഒരേ ഒരു രാഷ്ട്രീയ പാർട്ടി ബി.ജെ.പി ആയിരിക്കും. പി.സി ജോർജ് വിഷയത്തിൽ ഇടപെടലുകൾ നടത്തിയാണിത്. എങ്കിലും എല്ലാ തവണയും പോലെ ബി.ജെ.പി ക്യാമ്പിന് പ്രതീക്ഷ കുറവാണ്. തങ്ങളുടെ ലക്ഷ്യം പുതു വോട്ടുകൾ സൃഷ്ടിക്കുക എന്ന് മാത്രമാണെന്നും അവർ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ചത് എസ്.സജിയായിരുന്നു. ആകെ 11.32 % ശതമാനം വോട്ടുകൾ നേടി ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (ആകെ : 15483). ട്വൻ്റി-ട്വൻ്റിയുടെ മൗനം ബി.ജെ.പിക്ക് അനുകൂലമായാൽ കൂടി വിജയം പിന്നെയും ഏറെ ദൂരത്തായിരിക്കും.

Post a Comment

0 Comments