banner

ടൂറിസ്റ്റ് ബസുകൾക്ക് മുട്ടൻ പണി!, സ്പീക്കറുകൾ അഴിച്ചു മാറ്റേണ്ടി വരും; പോലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി : വാഹനങ്ങളില്‍ വലിയ ശബ്ദമുണ്ടാക്കുന്ന ഹൈ പവര്‍ ഓഡിയോ സിസ്റ്റം ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ബൂസ്റ്ററുകളും ആംപ്ലിഫയറുകളും സ്പീക്കറുകളും സബ് ബൂഫറുകളുമെല്ലാമുള്ള ഓഡിയോ സിസ്റ്റം വാഹനങ്ങളില്‍ അനുവദനീയമല്ലെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പിജി അനില്‍കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വാഹന അപകടങ്ങളുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. ആയിരക്കണക്കിനു വാട്ട്‌സ് വരുന്ന ഹൈ പവര്‍ ഓഡിയോ സിസ്റ്റത്തില്‍നിന്നുള്ള ശബ്ദം ഡ്രൈവറുടെയും യാത്രക്കാരുടെയും കേള്‍വിയെ തടസ്സപ്പെടുത്തുമെന്നു മാത്രമല്ല, മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിയാന്‍ കാരണമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനത്തിനു വേണ്ടി എസിയും ഡിസിയും ചേര്‍ത്ത് ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ്. ഇതു യാത്രക്കാര്‍ക്ക് അപകട സാധ്യതയുണ്ടാക്കുമെന്ന് കോടതി പറഞ്ഞു.

ഹൈ പവര്‍ ഓഡിയോ സിസ്റ്റവും നിരന്തരം ചലിക്കുന്നതും മിന്നുന്നതും ബഹു വര്‍ണത്തില്‍ ഉള്ളതുമായ എല്‍ഇഡി/ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണ്. ഇത്തരം വാഹനങ്ങള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹമല്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങള്‍ ഉള്ളതും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി തുളക്കുകയറുന്ന ശബ്ദമുള്ള ഹോണ്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും കോടതി നിര്‍ദേശം നല്‍കി.

Post a Comment

0 Comments