തൃശൂർ : പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിലെ കുളിമുറിയിൽ ശ്രുതി എന്ന യുവതി വിവാഹം കഴിഞ്ഞ് 14ാം ദിവസം ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭര്‍ത്താവും മാതാവും അറസ്റ്റില്‍. പെരിങ്ങോട്ടുകര കരുവേലി വീട്ടില്‍ സുകുമാരന്‍റെ മകന്‍ അരുണ്‍, മാതാവ് ദ്രൗപതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ സ്ത്രീധന പീഡനമരണം കുറ്റം (304 ബി) ചുമത്തി. ഇരുവരെയും ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കി. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ശ്രുതിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ അന്വേഷണം തുടരും. ഇരുവരുടെയും നുണപരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരിച്ചത് ശ്വാസം മുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലെ അഞ്ച് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് വഴി തെളിച്ചത്.
മുല്ലശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏക മകളായിരുന്നു ശ്രുതി. കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ഇവർ മരിച്ചതെന്നായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും മൊഴി. സ്ത്രീധനത്തിന്റെ പേരില്‍ അരുണ്‍ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമുള്ള നിലപാടിലായിരുന്നു ശ്രുതിയുടെ കുടുംബം. ഇതിനിടയിലാണ് അരുണിനെയും ഭര്‍തൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് അന്തിക്കാട് പൊലീസ് സ്വീകരിച്ചതെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
അന്വേഷണം ഇഴഞ്ഞതോടെ സി.ഐ, എസ്.ഐ എന്നിവർക്കെതിരെ നടപടിയുണ്ടായി. പൊലീസ് അനാസ്ഥക്കെതിരെ പെരിങ്ങോട്ടുകരയിൽ സമരവും അരങ്ങേറിയിരുന്നു.
0 Comments