banner

മലദ്വാരത്തിൽ ദണ്ഡ് കയറ്റി, ദേഹം മുഴുവന്‍ ഷോക്കേൽപിച്ചു; ഉത്തർപ്രദേശിൽ ഗോവധം നടത്തിയെന്നാരോപിച്ച് മുസ്‍ലിം യുവാവിന് പൊലീസിന്റെ ക്രൂര പീഡനം

ലഖ്നൗ : ഉത്തർപ്രദേശിൽ ഗോവധം ആരോപിച്ച് മുസ്‍ലിം യുവാവിനുനേരെ പൊലീസ് ക്രൂരത. ദേഹം മുഴുവന്‍ ഷോക്കേൽപ്പിക്കുകയും മലദ്വാരത്തിൽ ദണ്ഡ് കയറ്റുകയും ചെയ്തായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രൂരകൃത്യം. സംഭവത്തിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ചുമതലയുള്ള എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തർപ്രദേശിലെ ബദായൂനിലാണ് പച്ചക്കറി കച്ചവടക്കാരനായ യുവാവിന് പൊലീസിന്റെ ക്രൂരപീഡനം. എസ്.ഐ സത്യപാലിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരാണ് കക്രാള സ്വദേശിയായ 22കാരനെ ഗോവധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് പൊലീസ് ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

മലദ്വാരത്തിൽ ദണ്ഡ് കയറ്റുകയും പലതവണ ഷോക്കേൽപ്പിക്കുകയും ചെയ്തു. ദിവസം മുഴുവൻ പീഡനം തുടർന്നു. ഒടുവിൽ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെ രണ്ടു ദിവസത്തിനുശേഷം 100 രൂപ നൽകി വിട്ടയയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.

ഷോക്കേറ്റതിന്റെ ആഘാതത്തിൽ യുവാവിന് ഇടയ്ക്കിടക്ക് അപസ്മാരം പിടിപെടുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ പറയുന്നു.യുവാവിന്റെ മാതാവ് പൊലീസിൽ നൽകിയ പരാതിയിലാണ് ആഴ്ചകൾക്കുശേഷം കേസെടുത്തത്. എസ്.ഐക്ക് പുറമെ നാല് കോൺസ്റ്റബിളുമാർ, തിരിച്ചറിയാത്ത മറ്റു രണ്ടുപേർ എന്നിവർക്കെതിരെയാണ് നിയമനടപടി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് എസ്.പി ഒ.പി സിങ് ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

0 Comments