ഒരു മുഖ്യമന്ത്രി കള്ളക്കടത്ത് കേസിൽ പ്രതിയായി അപമാനിതനായി നിൽക്കുമ്പോൾ ജനാധിപത്യപരമായി പ്രതിഷേധം നടത്താനുള്ള അവകാശം കോൺഗ്രസിന് ഇല്ലേയെന്ന് കെ.സുധാകരൻ ചോദിച്ചു.
'ഞങ്ങളുടെ രണ്ടു കുട്ടികളെ വിമാനത്തിൽ അടിച്ച് ബൂട്ടിട്ട് ചവിട്ടി, ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിലേക്കെത്തിച്ചിരിക്കുകയാണ് അവരെ. ഇ.പി.ജയരാജൻ നേരിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. കൈയാങ്കളി കളിച്ചതും അക്രമം കാണിച്ചതും ജയരാജനാണ്. ഞങ്ങൾ ഇതുവരെ അക്രമത്തിന്റെ പാതയിലേക്ക് പോയിട്ടില്ല. ഞങ്ങൾക്ക് പൊളിക്കാൻ പറ്റിയ സിപിഎമ്മിന്റെ ഓഫീസ് കേരളത്തിലുടനീളം ഉണ്ട്. കെപിസിസി ആസ്ഥാനം വന്ന് അക്രമിച്ചത് സിപിഎമ്മാണ്. ആരാണ് ആക്രമണം നടത്തുന്നതെന്ന് ജനം വിലയിരുത്തട്ടെ.
ഞങ്ങൾ ഇതുവരെ സമാധാനമായിട്ടാണ് പോയിട്ടുള്ളത്. നാളെയും അങ്ങനെ തന്നെയായിരിക്കും. പക്ഷേ ജയരാജനോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങൾ ഞങ്ങളുടെ കുട്ടികളെ ചവിട്ടി ഉരുട്ടിയിട്ടുണ്ടെങ്കിൽ അതിന് പ്രതികാരം ചോദിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ചെറുപ്പക്കാരായ കുട്ടികളുടെ വികാരമാണ്. തടഞ്ഞുനിർത്താൻ ഞങ്ങൾക്ക് പരിമധികളുണ്ടാകും. അവരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിൽ അക്രമമുണ്ടായാൽ ഞങ്ങൾ അതിന് ഉത്തരവാദിയാകില്ലെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുന്നു' സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
പരസ്പരം ഓഫീസ് പൊളിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം അന്തസ്സിന് ചേർന്നതല്ല. സിപിഎം അക്രമവുമായി മുന്നോട്ട് പോയാൽ ആത്മരക്ഷാർത്ഥം പ്രതികരിക്കേണ്ടവരും. അത്തരം സന്ദർഭത്തിൽ കോൺഗ്രസ് പിശുക്ക് കാണിക്കില്ല. ഞങ്ങൾ സമാധാനത്തോടെയാണ് പ്രതിഷേധങ്ങളത്രയും നടത്തിവരുന്നതെന്ന്. കെപിസിസി ആസ്ഥാനം അക്രമിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം നാളെ കരിദിനമായി ആചരിക്കുമെന്നും സുധാകരൻ പറഞ്ഞു.
0 Comments