banner

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവർ സ്ഥിരം പ്രശ്നക്കാരൻ, വെറും രണ്ടാഴ്ചത്തെ പരിചയം: പിടികൂടിയത് ലോഡ്ജിൽ നിന്ന്



പത്തനംതിട്ട : 15 കാരിയെ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താംക്ലാസുകാരിയെ കൊണ്ടുപോയ ഷിബിൻ മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതി നേരത്തെയും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത വിടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിരുന്നില്ല. നേരത്തേ പ്രണയിച്ച് വിവാഹിതനായ ഷിബിന് ഒരു കുട്ടിയുമുണ്ട്.

ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിൻ ആണ് അട്ടത്തോട് സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പെൺകുട്ടി ഷിബിൻ ഓടിക്കുന്ന സ്വകാര്യ ബസിലെ സ്ഥിരം യാത്രികയായിരുന്നു. മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. കണ്ടുള്ള പരിചയത്തിൽ ഫോൺ വിളി തുടങ്ങിയിട്ട് കഷ്ടിച്ച് രണ്ടാഴ്ച തികയുന്നതേയുള്ളൂ. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്.

മകൾക്ക് വന്ന മാറ്റം മാതാവ് കണ്ടു പിടിച്ചതോടെ താക്കീത് ചെയ്തു. ഇന്നത്തെക്കാലത്ത് ഇത്തരം കൂട്ടുകെട്ടുകൾ വേണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ ഫോൺ വിളിക്കുന്നത് വിലക്കി. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. ഇന്നലെ പുലർച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. എന്നാൽ, അമ്മയോടുള്ള വാശിക്ക് പെൺകുട്ടി ഷിബിനെ വിളിക്കുന്നത് തുടർന്നു. വീട്ടിൽ നടന്ന സംഭവങ്ങളും പറഞ്ഞു. ഈ അവസരം മുതലാക്കാൻ പ്രതി ഷിബിൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച പുലർച്ചെ പെൺകുട്ടിയെ വശത്താക്കി നാടുവിടാൻ നീക്കം നടന്നത്.

ഇവരുടെ പ്ലാനിങ് മനസിലാക്കിയ അമ്മ പെൺകുട്ടിയെ നിരീക്ഷിച്ച് ഇരിക്കുകയായിരുന്നു. ഒടുവിൽ അമ്മ കാവൽ ഇരിക്കെ പുലർച്ചെ കണ്ണുവെട്ടിച്ച് വെളിയിൽ ചാടുകയായിരുന്നു. വീട്ടിൽ നിന്നും ബസ് റൂട്ടിലേക്ക് എത്താണ് നിരവധി കുറുക്കു വഴികളുണ്ട്. മകൾ ഇതിൽ ഏതു വഴിയാണ് പോയതെന്ന് അറിയാൻ മാതാവിന് കഴിഞ്ഞില്ല. ഈ സമയം ആവേ മരിയ ബസിന്റെ ആദ്യ ട്രിപ്പുമായി ഷിബിൻ വന്ന് വഴിയിൽ കാത്തു കിടക്കുന്നുണ്ടായിരുന്നു. മകൾ ഏറ്റവും അവസാനം വിളിച്ച നമ്പരിലേക്ക് അമ്മ വിളിച്ചു നോക്കിയപ്പോൾ അത് ഷിബിന്റെയായിരുന്നു.

മകൾ തനിക്കൊപ്പമുണ്ടെന്നും സുരക്ഷിതയാണെന്നും ഒന്ന് ഉപദേശിച്ച് റെഡിയാക്കി 10 മണിയാകുമ്പോഴേക്കും തിരികെ വിടാമെന്നുമായിരുന്നു ഷിബിനെ വിളിച്ചപ്പോൾ കിട്ടിയ മറുപടി. തുടർന്ന് ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്തു. പിന്നീട് പൊലീസ് പിടിയിലായപ്പോഴും ഷിബിൻ ഇതേ ഡയലോഗ് തന്നെയാണ് പൊലീസുകാരോടും പറഞ്ഞത്. കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെങ്കിൽ ഷിബിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യും. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. കൊച്ചുകോയിക്കൽ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ. പോലീസിന്റെ സമയോജിതമായ അന്വേഷണമാണ് ഇരുവരെയും കണ്ടെത്താൻ കാരണമായത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments