banner

മുഖ്യമന്ത്രിയെ വെടിവച്ചുകൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജിന്റെ ഭാര്യയ്‌ക്കെതിരേ പോലിസില്‍ പരാതി



കോഴിക്കോട് : പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിനെതിരേ പോലിസില്‍ പരാതി നല്‍കി. പി സി ജോര്‍ജിനെ അറസ്റ്റുചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച്‌ കൊല്ലണമെന്ന് മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഉഷയ്‌ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ ഹൈദര്‍ മധൂര്‍ ആണ് ഉഷാ ജോര്‍ജിനെതിരേ വിദ്യാ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ‘ഇത്രയും നാള്‍ ഒരു ചാനലിലും ഞാന്‍ വന്നിട്ടില്ല, എനിക്കത് ഇഷ്ടമല്ല. എനിക്ക് പുള്ളിയുടെ പിറകില്‍ നില്‍ക്കുന്നതാണ് ഇഷ്ടം.

മുന്നില്‍ നില്‍ക്കുന്ന ഒരാളല്ല ഞാന്‍. പുള്ളിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കി അടങ്ങിയൊതുങ്ങി മുന്നോട്ട് പോവുന്ന ഒരാളാണ് ഞാന്‍. ‘ശരിക്ക് പറഞ്ഞാല്‍ എനിക്കയാളെ (മുഖ്യമന്ത്രി) വെടിവച്ച്‌ കൊല്ലണം എന്നാണ്. നിങ്ങളിത് ചാനലിലൂടെ വിട്ടാലും എനിക്ക് കുഴപ്പമില്ല. ഇതുപോലെ ഒരു കുടുംബത്തെ തകര്‍ക്കുന്ന അയാളെ വെടിവച്ച്‌ കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടെ ഇപ്പോഴും ഇരിക്കുന്നുണ്ട്. ഇതുകൊണ്ട് പിണറായിയെ വെടിവച്ച്‌ കൊല്ലുകയാണ് വേണ്ടത്. പിസിയുടെ സഹോദരിമാരോട് ഇക്കാര്യം പറയുകയും ചെയ്തു. ഞങ്ങളുടെ കുടുംബത്തെ തകര്‍ക്കാനാണ് പിണറായിയുടെ നീക്കം. നിരപരാധിയെ അറസ്റ്റ് ചെയ്ത പിണറായി അനുഭവിക്കും’- എന്നായിരുന്നു ഉഷയുടെ പ്രതികരണം.

പ്രതി കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് മേല്‍പ്പറഞ്ഞ പ്രസ്താവന നടത്തിയിട്ടുള്ളതെന്ന് വീഡിയോയിലൂടെ വളരെ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഇത് നാട്ടില്‍ വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കും എന്നതിനാല്‍ ഉടന്‍തന്നെ പ്രതിക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പരസ്യമായി കൊല്ലുമെന്ന് വധഭീഷണി മുഴക്കിയതിനും നാട്ടില്‍ മനപ്പൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പി സി ജോര്‍ജിനെതിരേ പരാതി നല്‍കിയ യുവതിക്കെതിരേയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ‘നാളെ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും ഒരു അഭിസാരിക ഇങ്ങനെ പരാതിപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരേ നടപടിയെടുക്കാന്‍ ഇവര്‍ തയ്യാറാവുമോ,’ എന്നായിരുന്നു ഷോണ്‍ ജോര്‍ജ് പറഞ്ഞത്.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments