banner

പനിയെന്ന് ടീച്ചർക്ക് സന്ദേശമയച്ച അഞ്ചാംക്ലാസുകാരി പോയത് തീയേറ്ററിൽ; മുയലിനെ വിറ്റ പണവുമായി കാത്തു നിന്നത് 16കാരൻ

കണ്ണുർ : കഴിഞ്ഞ ദിവസം കണ്ണൂരിൽ കാണാതായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തിയത് പതിനാറുകാരനായ ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നഗരത്തിലെ തീയേറ്ററിൽ. പനി ആയതിനാൽ ചൊവ്വാഴ്ച ക്ലാസിൽ ഹാജരാവില്ലെന്ന് വ്യക്തമാക്കി തിങ്കളാഴ്ച വൈകീട്ട് അമ്മയുടെ ഫോണിൽ നിന്ന് പെൺകുട്ടി ക്ലാസ് ടീച്ചർക്ക് സന്ദേശം അയച്ചിരുന്നു.

ടീച്ചറുടെ മറുപടി കിട്ടിയ ഉടൻ ഫോണിൽ നിന്ന് മെസേജ് ഡിലീറ്റും ചെയ്തു. പതിവുപോലെ ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് സ്കൂൾ വാനിൽ കയറി സ്കൂളിലേക്കും പോയി. സ്കൂളിൽ ഇറങ്ങിയ ശേഷം സ്കൂളിന് പുറത്ത് കാത്തു നിന്ന പതിനാറുകാരനൊപ്പം സിനിമയ്ക്ക് പോയി.

തിരുവനന്തപുരംകാരനായ ആൺകുട്ടി കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് മുങ്ങിയത്. വീട്ടുകാർ പലപ്പോഴായി കൊടുത്ത പൈസയും കൈ നീട്ടം കിട്ടിയ പൈസയും ഉൾപ്പടെ മൂവായിരത്തോളം രൂപയും കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി പതിനാറുകാരൻ കണ്ണൂരിൽ എത്തിയത്. മുയലിനെ വിറ്റ് പൈസ കിട്ടിയെന്നും ഞാൻ കാണാൻ വരുമെന്നും പെൺകുട്ടിയ്ക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചിരുന്നു. ആദ്യമായി നേരിൽ കാണുന്ന ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തത്.

പെൺകുട്ടിയെ സ്കൂളിന് മുന്നിൽ കണ്ട സഹപാഠി ക്ലാസിൽ കാണാതായതോടെ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകർ വാൻ ഡ്രൈവറോട് സംസാരിച്ചപ്പോൾ കുട്ടി വാനിൽ കയറിയിരുന്നെന്നും സ്കൂളിൽ ഇറങ്ങിയെന്നും വാൻ ഡ്രൈവറും പറഞ്ഞു. അതോടെ ആശങ്കയിലായ അധ്യാപകർ പൊലീസിലും കുട്ടിയുടെ വീട്ടിലും വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പയ്യാമ്പലത്തെ തീയേറ്ററിൽ ഇരുവരേയും കണ്ടെത്തിയത്. പെൺകുട്ടിയെ പോലീസ് ഉടൻ തന്നെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് രക്ഷിതാക്കൾ എത്തി ആൺകുട്ടിയേയും കൊണ്ടുപോയി.

إرسال تعليق

0 تعليقات