ഭോപ്പാല്‍ : മധ്യപ്രദേശില്‍ ആദ്യം പെയ്തിറങ്ങിയ കനത്ത മഴയില്‍ 529 കോടി രൂപ മുടക്കി പുതുതായി നിര്‍മ്മിച്ച പാലം തകര്‍ന്നുവീണു.
ദേശീയപാത 46ല്‍ നിര്‍മ്മിച്ച ഭോപ്പാലിനെയും ഹോഷംഗബാദ് ജില്ലയെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. ഏറെ തിരക്കേറിയ പാതയില്‍ അടുത്തിടെയാണ് പാലം നിര്‍മ്മിച്ചത്.
നിര്‍മ്മാണപ്രവര്‍ത്തനത്തിലെ അപാകതയാണ് പാലം തകരാന്‍ ഇടയാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
മഴയില്‍ തകര്‍ന്ന പാലത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്്. നേരത്തെ, ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയിലെ ഒരു പാലവും മഴയില്‍ ഒലിച്ചുപോയിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ട്വീറ്റ് ചെയ്താണ് പലരും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.
ബിജെപി സര്‍ക്കാരിന്റെ അഴിമതിയാണ് പാലം ഇത്രയും വേഗം തകരാന്‍ കാരണമെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംസ്ഥാനത്ത് റോഡുകളും പാലങ്ങളും നിര്‍മിക്കുന്ന ഏജന്‍സികളും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നതായും പ്രതിപക്ഷം പറയുന്നു.
പാലം തകര്‍ന്നതില്‍ നിര്‍മ്മാണ കമ്ബനിയ്ക്ക് നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
0 Comments