banner

റിമാന്‍ഡ് പ്രതി മരിച്ചു; കസ്റ്റഡിയിൽ എടുക്കുമ്പോൾ ശരീരത്തിൽ ക്ഷതം ഉണ്ടായിരുന്നുവെന്ന് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍



തിരുവനന്തപുരം : വധശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി മരിച്ചു. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകാര്യം സ്വദേശി അജിത്താണ് മരിച്ചത്. ശാരീരിക അ്‌സ്വസ്ഥതകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് കസ്റ്റഡിയിലോ, ജയിലിലോ മര്‍ദമനമേറ്റിട്ടുണ്ടെന്ന് സംശയിക്കുന്നതായും മരണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടും ബന്ധുക്കള്‍ പരാതി നല്‍കി.

കസ്റ്റഡിമരണമായതിനാല്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. ജൂലൈ രണ്ടിന് യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിച്ചതിന് കേസ് എടുത്തിരുന്നു. ഇതില്‍ അഞ്ചാം പ്രതിയാണ് മരിച്ച അജിത്ത്. മൂന്നാം തീയതി വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത അജിത്തിനെ നാലാം തീയതി പൂജപ്പുര ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

ആറാം തീയതി വൈകിട്ടോടെയാണ് ജയിലില്‍വച്ച് അജിത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടായതും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതും. ഇന്നലെ രാത്രിയോടെ മരിച്ചു. മര്‍ദിച്ചിട്ടില്ലെന്നും കേസിനാസ്പദമായ സംഭവത്തിനിടെ അജിത്ത് പരിക്കേറ്റിരുന്നുവെന്നും പൊലീസ് പറയുന്നു. അതിനുശേഷം വീണും പരിക്കുപറ്റി. അറസ്റ്റിനുശേഷവും ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പും നടത്തിയ വൈദ്യപരിശോധനകളില്‍ ഇക്കാര്യം ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.

ഇതുമൂലമാകാം ശാരീരിക അസ്വസ്ഥതകളുണ്ടായതും മരണം സംഭവിച്ചതെന്നുമാണ് പൊലീസ് നിഗമനം. വൈറല്‍ ഇന്‍ഫക്ഷനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments