banner

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 69 വയസായിരുന്നു.

തകര, ചാമരം, ആരവം, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, അയാളും ഞാനും തമ്മില്‍, ഫൊറന്‍സിക്, ഉയരെ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുല്യമായ അഭിനയത്തികവും സംവിധാന മേന്മയും പ്രദര്‍ശിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു പ്രതാപ് പോത്തന്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്.

1985ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.

ഒരിടവേളയ്ക്ക് ശേഷം 2005 ലാണ് പ്രതാപ് പോത്തൻ മലയാള സിനിമയിൽ സജീവമാകുന്നത്. തന്മാത്രയിലൂടെയായിരുന്നു ആ തിരിച്ചുവരവ്. പിന്നീട് 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ആറ് സുന്ദരിമാരുടെ കഥ, ഇടുക്കി ഗോൾഡ് , ബാംഗ്ലൂർ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ നമുക്ക് മറക്കാനാകാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. മോഹൻലാലിന്റെ ബറോസാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

إرسال تعليق

0 تعليقات