banner

ആഫ്രിക്കന്‍ പന്നിപ്പനി; രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

വയനാട്ടിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി. പന്നികളെ ബാധിക്കുന്ന അതിഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികിൽസയോ വാക്സീനോ നിലവിലില്ല.

മാനന്തവാടി നഗരസഭയിലെ വാർഡ് 33 ലും തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 15ലുമുള്ള പന്നി ഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ ഒരു ഫാമിലെ പന്നികൾ പൂർണ്ണമായും ചത്തു. തവിഞ്ഞാലിലെ ഫാമിൽ ചത്ത പന്നിയെ പരിശോധിച്ചതിൽ വൈറസ് ബാധ കണ്ടെത്തി. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടൻ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനുള്ളിൽ പന്നികളെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക.

വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ പന്നി ഫാമുകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ സർക്കാരിനെ അറിയിക്കണമെന്നാണ് നിർദേശം. എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കും.ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല.

വൈറസ് രോഗമായതിനാൽ പെട്ടെന്ന് പടരാമെന്നതും അതിജാഗ്രത ആവശ്യപ്പെടുന്നു. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.

Post a Comment

0 Comments