banner

ട്വിറ്റർ വാങ്ങാനാകില്ലെന്ന് ഇലോൺ മസ്ക്; നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ



കാലിഫോർണിയ : ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോൺ മസ്ക്. കരാർ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങില്ലെന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്‌ക് അറിയിച്ചു. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകൾ ട്വിറ്റർ നൽകിയില്ലെന്നും കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്നും മസ്‌കിന്റെ അഭിഭാഷകൻ മൈക്ക് റിംഗ്ലർ വ്യക്തമാക്കി.

ഈ വർഷം ഏപ്രിലിൽ ആയിരുന്നു ട്വിറ്റർ ഏറ്റെടുക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. അതേസമയം സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ട്വിറ്റർ ഏറ്റെടുക്കൽ നീക്കത്തിൽ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ കത്തുകളിലൂടെ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അഭിഭാഷകൻ അറിയിച്ചു. മസ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റർ ബഹുമാനിച്ചില്ലെന്നും കരാർ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങൾ നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം മസ്കിന് കൈമാറാം എന്നായിരുന്നു ട്വിറ്റർ മറുപടി നൽകിയതെന്നാണ് മൈക്ക് റിംഗ്ലർ പറയുന്നത്. 

ഫോർബ്സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററിൽ ഓഹരി പങ്കാളിയായത്.  ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികളാണ് അദ്ദേഹം ആദ്യം സ്വന്തമാക്കിയത്. പിന്നാലെയാണ് കമ്പനിയെ ഏറ്റെടുക്കാൻ സജ്ജമാണെന്ന് മസ്ക്  അറിയിക്കുകയായിരുന്നു. ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് ഏകദേശം 4300 കോടി യു എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഏപ്രിൽ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. പിന്മാറാനുള്ള മസ്കിന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. 


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments