banner

മുഖ്യമന്ത്രിയുടെയും കെ. സുധാകരന്റെയും വീടുകള്‍ക്ക് കനത്ത പൊലീസ് കാവൽ

മുഖ്യമന്ത്രിയുടെയും കെ. സുധാകരന്റെയും വീടുകള്‍ക്ക് കനത്ത പൊലീസ് കാവൽ. എകെജി സെന്‍ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. 

എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സുരക്ഷകൂട്ടിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാ​ഗമായി വയനാട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

അതേസമയം,എകെജി സെന്‍റർ ആക്രമണത്തില്‍ തികഞ്ഞ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാളെ കോൺഗ്രസിന്‍റെ സമരം നടക്കുകയാണ്. ഇന്ന് രാഹുൽ ഗാന്ധി വന്നു. ഇത്തരം സാഹചര്യത്തിൽ കോൺഗ്രസ് ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ച രമേശ് ചെന്നിത്തല, സ്വർണകടത്ത്, സ്പ്രിഗ്ളർ അഴിമതി എന്നിവ മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണിതെന്ന് വിമര്‍ശിച്ചു. 

പ്രഥമ ദൃഷ്ട്യാ നോക്കിയാൽ ഇതൊരു നാടകമാണെന്ന് ആരോപിച്ച ചെന്നിത്തല, കെപിസിസി ഓഫീസ് ആക്രമിച്ചത് ആരാണെന്നും ചോദിച്ചു. എപ്പോഴും പൊലീസ് നിരീക്ഷണമുള്ള ഒരു സ്ഥലത്ത് ഇത് നടക്കുമോ എന്ന് ചോദിച്ച അദ്ദേഹം, ഭരിക്കുന്ന പാർട്ടിക്കാണ് അക്രമം തടയാനുള്ള ഉത്തരവാദിത്വമെന്നും കുറ്റപ്പെടുത്തി.

Post a Comment

0 Comments