തിരുവനന്തപുരം : കോളറ പടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലും തമിഴ്നാട്ടിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതേതുടർന്ന് കേരളത്തിൽ ആരോഗ്യവകുപ്പ് അതിജാഗ്രതാ നിർദ്ദേശം നൽകി. തമിഴ്‌നാടിനോടുചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രത പുലർത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
വയറളിക്ക രോഗ പ്രതിരോധം ശക്തമാക്കുക, സാംപിൾ പരിശോധനയിൽ കോളറ സ്ഥിരീകരിച്ചതാൽ കർശന നിയന്ത്രണങ്ങൾ കൈക്കൊള്ളുക തുടങ്ങിയവയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ലഭിച്ച നിർദ്ദേശം. ഒആർഎസ് ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. അവയുടെ വിതരണത്തിനായി ആരോഗ്യകേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കണം. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
വ്യക്തിശുചിത്വം, കൈകഴുകൽ, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒആർഎസ്, സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗവും ഗുണവും തുടങ്ങിയവ ജനങ്ങളെ ബോധവത്കരിക്കണം. ആഹാരം അടച്ചുസൂക്ഷിക്കുക. പഴകിയ ആഹാരം കഴിക്കാതിരിക്കുക. പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക. അടുത്തപ്രദേശങ്ങളിൽ കൂടുതൽപേർക്ക് ഒന്നിച്ച് വയറിളക്ക രോഗലക്ഷണം കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങളും ആരോഗ്യവകുപ്പ് അറിയിച്ചു.
പുതുച്ചേരിയിലെ കാരയ്ക്കലിന് പുറമെ, തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുമുഗൾ ബ്ലോക്ക്, കണ്ണകി നഗർ, മയിലാടുതുറൈയിലെ സെമ്മുനാർകോവിൽ ബ്ലോക്ക്, തിരുവാരൂർ ജില്ലയിലെ നന്നിയം ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായിട്ടുള്ളതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു.
0 Comments