banner

14 ഇനങ്ങള്‍, ചെലവ് 425 കോടി രൂപ; ഈ വർഷവും സംസ്ഥാന സർക്കാർ സൗജന്യ ഓണക്കിറ്റ് നൽകും



തിരുവനന്തപുരം : ഈ വർഷവും സംസ്ഥാന സർക്കാർ സൗജന്യമായി ഓണക്കിറ്റ് നൽകുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 14 ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യക്കിറ്റാണ് നൽകുകയെന്നാണു പ്രഖ്യാപനം. ഇതിനു 425 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയിൽ ചില കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട്.

ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. വിവിധ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ, 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി കാക്കനാട്ട് ടിസിഎസുമായി ചേർന്ന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെച്ചിട്ടുണ്ട്. ദുബൈ എക്സ്പോ വഴിയും കേരളത്തിൽ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ നിക്ഷേപം ആകർഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വായ്പ നൽകുന്നതിൽ കെഎസ്ഐഡിസിക്ക് റെക്കോർഡ് നേട്ടമാണുള്ളത്. സർക്കാരിന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനു പകരം ചിലർ നശീകരണ സ്വഭാവം കാണിക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നു. കൊവിഡ് പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതൽ ഇടപെടേണ്ട സമയമാണ്.

കിഫ്ബി വായ്പ സർക്കാരിന്റെ കടമായി കണക്കാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കർ നിലപാട് തെറ്റാണ്. കേന്ദ്രം ഈ നടപടിയിൽനിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദേശീയ പാതാ 66 ലെ 21 റീച്ചിലെ പണികൾ നടക്കണം. 15 ലെ പണികൾ പുരോഗമിക്കുകയാണ്. ആറ് റീച്ചിൽ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ദേശീയ പാതാ വികസനത്തിൽ അലംഭാവം കാട്ടി. അന്ന് എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. എന്നാൽ എല്ലാ പിന്തുണയും ഇടതുപക്ഷം വാഗ്ദാനം ചെയ്തിട്ടും സർക്കാരിന്റെ സംഭാവന ശൂന്യമായിരുന്നു.

2010 ഏപ്രിൽ 20 ന് നടന്ന യോഗത്തിൽ ദേശീയ പാതയുടെ വീതി 45 ൽ നിന്ന് 30 മീറ്ററായി കുറയ്ക്കാൻ ധാരണയായിരുന്നു. അത് കേന്ദ്രം നിരാകരിച്ചതോടെയാണ് വീണ്ടും സർവകക്ഷി യോഗം ചേർന്നത്. അതിൽ ദേശീയപാതയുടെ വീതി 45 മീറ്ററായി വീണ്ടും നിശ്ചയിച്ചു. അന്ന് യുഡിഎഫ് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments