banner

വഖഫ് നിയമനം പി.എസ്.സിക്ക് വിടില്ല, പകരം പുതിയ സംവിധാനം കൊണ്ടുവരും - മുഖ്യമന്ത്രി

തിരുവനന്തപുരം : വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. മുസ്‌ലിം സമുദായത്തിന്റെ പൊതുവായ നിലപാട് കണക്കിലെടുത്താണ് തിരുമാനമെന്നും വിഷയത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി സഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വഖഫ് നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരും. പി.എസ്.സി നിയമനത്തിന് ഒരു തുടര്‍നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. ലീഗിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത് നിലവിലെ ജീവനക്കാര്‍ക്ക് ജോലി പോകുമെന്നായിരുന്നു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോള്‍ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്‌നമായി വരികയും ചെയ്തു. വഖഫ് ബോര്‍ഡ് യോഗമാണ് പി.എസ്.സിക്ക് വിടാന്‍ ശിപാര്‍ശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മുസ്‌ലിം സംഘടനയിലെ പ്രബല വിഭാഗങ്ങളായ ഇ.കെ- എ.പി സമസ്തകള്‍ക്ക് വിഷയത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. വിഷയത്തില്‍ മുസ്‌ലിം ലീഗ് വലിയ സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും എല്ലാം മുസ്‌ലിം സംഘടനയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നില്ല.


Post a Comment

0 Comments