banner

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി

കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ത്ഥിനികള്‍. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അടിവസ്ത്രം മാറ്റിച്ചതിന് ശേഷമെന്നാണ് പരാതി. ദുരനുഭവം നേരിട്ട വിദ്യാര്‍ത്ഥിനി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി.

ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

പ്രവേശന കേന്ദ്രത്തില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നടപടി മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയെ അടിവസ്ത്രം അഴിച്ചുമാറ്റിച്ച ശേഷം പരീക്ഷ എഴുതിച്ചതിനെതിരെ പരാതിക്കാരിയുടെ അച്ഛൻ ട്വന്റിഫോറിനോട്. ഇത്തവണ പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും തന്റെ മകൾ ഇനി ഒരിക്കലും നീറ്റ് പരീക്ഷയ്ക്കായി വരില്ലെന്ന് പറഞ്ഞതായി അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. 

അതേ സമയം, കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രമഴിപ്പിച്ച് വിദ്യാര്‍ത്ഥിനികളെ കൊണ്ട് പരീക്ഷയെഴുതിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളജ് പ്രിന്‍സിപ്പല്‍. സംഭവത്തില്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ല. നാഷണല്‍ ടെറ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

‘നാഷണല്‍ ടെറ്റിങ് ഏജന്‍സി ഓള്‍ ഇന്ത്യാ ലെവലില്‍ നടത്തുന്ന പരീക്ഷയാണിത്. അവര്‍ക്ക് ചില നടപടികളുണ്ട്. ഈ സംഭവത്തില്‍ കോളജിന് ഒരു പങ്കുമില്ല. അവരുടെ ഒഫിഷ്യല്‍സ് ആണ് പരീക്ഷ നടത്താനെത്തിയത്. അവര്‍ക്ക് മാത്രമാണ് ഇതില്‍ പൂര്‍ണ ഉത്തരവാദിത്തം. കോളജിന് ഇക്കാര്യത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments