banner

തൊണ്ടിയായ 'ജെട്ടി'യിലെ കൃത്രിമം; മന്ത്രി ആന്റണി രാജുവിനെതിരായ രേഖകള്‍ പുറത്ത്

തിരുവനന്തപുരം : മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ മോഷണക്കേസ് ആഗസ്ത് നാലിന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കാനിരിക്കെ മന്ത്രി ആന്റണി രാജുവിനെ പ്രതിരോധത്തിലാക്കുന്ന രേഖകള്‍ പുറത്ത്. തൊണ്ടി മുതലില്‍ ആന്റണി രാജു കൃത്രിമം കാണിച്ചെന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.

28 വര്‍ഷം മുമ്പാണ് മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസില്‍ ആന്റണി രാജുവിനെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലര്‍ക്കായ ജോസും അഭിഭാഷകനയ ആന്റണി രാജുവും ചേര്‍ന്നാണ് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത്.


കോടതിയില്‍ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണിരാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. രണ്ടു പേര്‍ക്കുമെതിരെ 2006ല്‍ തിരുവനന്തപുരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

എന്നാല്‍ മറ്റു ചില സ്വാധീനങ്ങളുപയോഗിച്ച് കേസ് 2014ല്‍ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റി. അന്നുമുതല്‍ 22 തവണ കേസ് പരിഗണിച്ചെങ്കിലും പ്രതികള്‍ ഹാജരാകുകയോ കുറ്റപ്പത്രം വായിച്ചു കേള്‍പ്പിക്കുകയോ ചെയ്തില്ല. കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരായ നിര്‍ണായക രേഖ പുറത്തു വരുന്നത്.


മയക്കുമരുന്നു കേസിലെ പ്രതിയായ ആന്‍ഡ്രുസാല്‍വദോറിന്റെ പോലീസ് പിടിച്ചെടുത്ത കേസുമായി ബന്ധമില്ലാത്ത വസ്തുവകകള്‍ തിരികെ വാങ്ങുന്നതിന്റെ മറവിലായിരുന്നു കേസിലെ തൊണ്ടിയായ അടിവസ്ത്രവും ആന്റണി രാജു ഒപ്പിട്ട് വാങ്ങിയത്. ഇത് വാങ്ങുന്നതും തിരികെ നാലു മാസത്തിനു ശേഷം നല്‍കുന്നതും ആന്റണി രാജു നേരിട്ട് ഒപ്പിട്ടായിരുന്നു.

പിന്നീട് പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് ഇയാളെ ഹൈക്കോടതി വെറുതെവിടുകയായിരുന്നു. അതായത് തൊണ്ടി മുതല്‍ കൈപ്പറ്റിയ ശേഷം അതില്‍ കൃത്രിമം കാണിച്ചത് ആന്റണി രാജു എന്നു വ്യക്തം.

ഈ രേഖ ഇതുവരെ പുറത്തുവന്നിരുന്നില്ല. രേഖ പുറത്തുവന്നതോടെ ആന്റണി രാജുവും പ്രതിരോധത്തിലായി. അതിനിടെ നെടുമങ്ങാട് കോടതി കേസ് പലതവണ പരിഗണിച്ചെങ്കിലും ആന്റണി രാജുവും കൂട്ടു പ്രതിയും ഒരിക്കല്‍ പോലും ഹാജരായിട്ടില്ല. 22 പ്രാവശ്യം കേസ് പരിഗണിച്ചുവെങ്കിലും ഇതേവരെ പ്രതികള്‍ക്ക് കുറ്റപത്വം വായിപ്പിച്ചു കേള്‍പ്പിക്കുകയോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തില്ല.


ഗൂഢാലോചന, രേഖകളില്‍ കൃത്രിമം , വഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍,തെളിവു നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ കേസില്‍ ജാമ്യമെടുത്ത ആന്റണിരാജു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയുമായി. മയക്കുമരുന്നു കേസിലെ പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തില്‍ പ്രോസിക്യൂഷനും താല്‍പ്പര്യമില്ലെന്നാണ് സൂചന.

വേണ്ടത്ര ഗൗരവത്തോടെ അവരും ഈ വിഷയം കൈകാര്യം ചെയ്തിട്ടില്ല എന്നതു തന്നെയാണ് ഇത്രയും വൈകുന്നതിന്റെയും കാരണം. സാധാരണ പെറ്റിക്കേസാണെങ്കില്‍ പോലും മൂന്നു തവണയ്ക്ക് അപ്പുറം കോടതിയില്‍ ഹാജരാജിയില്ലെങ്കില്‍ നടപടി വരുമ്പോഴാണ് മന്ത്രി പ്രതിയായ കേസില്‍ 22 തവണ ഹാജരാകാതെയിരുന്നിട്ടും ഒരു നടപടിയും ഇല്ലാത്തത്.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments