banner

കസ്റ്റഡിമരണം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍; കേരളത്തില്‍ 83

ന്യൂഡല്‍ഡി : കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 952 പേരാണ് യുപിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2020-21 വര്‍ഷത്തില്‍ 451 പേരും 2021-22 വര്‍ഷത്തില്‍ 501 പേരും. 4484 പേരാണ് രാജ്യത്താകെ രണ്ട് വര്‍ഷത്തിനുള്ളില്‍ കസ്റ്റഡിയില്‍ മരണപ്പെട്ടിരിക്കുന്നത്.

2020-21 വര്‍ഷത്തെ അപേക്ഷിച്ച് വലിയ വര്‍ധനയാണ് കസ്റ്റഡിമരണത്തില്‍ 2021-22 വര്‍ഷം രാജ്യത്തുണ്ടായിരിക്കുന്നത്. 2020-21 വര്‍ഷം 1940 പേരും 2021-22 വര്‍ഷം 2544 പേരും മരിച്ചു. 83 പേരാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കേരളത്തില്‍ മരണപ്പെട്ടത്. 2020-2021 വര്‍ഷം 35 പേരും 2021-22 വര്‍ഷം 48 പേരും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ 442 പേരും ബിഹാറില്‍ 396 പേരും മധ്യപ്രദേശില്‍ 364 പേരും മഹാരാഷ്ട്രയില്‍ 340 പേരും കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് പഞ്ചാബ് എന്നിവിടങ്ങളില്‍ 225 പേര്‍ വീതമാണ് കൊല്ലപ്പെട്ടത്.

പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ വീതമാണ് മരിച്ചത്. ലക്ഷദ്വീപ്, ലഡാക്ക്, ദാദ്ര നാഗര്‍ഹവേലി, ദാമന്‍ദിയു എന്നിവിടങ്ങളില്‍ കസ്റ്റഡിമരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം ലീഗ് എംപി അബ്ദു സമദ് സമദാനിയുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ലോക സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Post a Comment

0 Comments