banner

വിഴിഞ്ഞത്ത് വാഹന പരിശോധനയിൽ കണ്ടെടുത്തത് തോക്കടക്കം മാരകായുധങ്ങൾ; മൂന്ന് പേര്‍ അറസ്റ്റിൽ

വിഴിഞ്ഞത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ തോക്കടക്കമുള്ള മാരകായുധങ്ങളുമായെത്തിയ മൂന്നംഗ സംഘത്തെ കോവളം പൊലീസ് പിടികൂടി. കല്ലിയൂർ പാലപ്പൂര് സിഎസ്ഐ പള്ളിയ്ക്ക് സമീപം നടത്തട്ട് വിള വീട്ടിൽ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനുകുമാർ(29) പാലപ്പൂര് നെടിയവിള വീട്ടിൽഉണ്ണി (34) പുഞ്ചക്കരി മണ്ണക്കല്ലുവിളയിൽ ആഷിക്( 23 ) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ വെളുപ്പിന് മുട്ടയ്ക്കാടിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് നാടകിയമായ സംഭവങ്ങൾ അരങ്ങേറിയത്. അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു. ഇതിൽ വാഹനം ഓടിച്ചു വന്ന ആഷികിനെ പിടികൂടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടത് മനുവും കൂട്ടാളികളുമാണെന്ന് അറിഞ്ഞത്. തുടർന്ന് നടന്ന തെരച്ചിലിലാണ് മനുവും ഉണ്ണിയും പിടിയിലായത്.

പ്രതികൾ സഞ്ചരിച്ച വാഹനം പരിശോധിച്ചതിൽ കാറിൽ നിന്ന് ഒരു പിസ്റ്റളും, വടിവാൾ, വെട്ടുകത്തി, കത്തി, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു.ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ പ്രതികൾ കുറ്റകൃത്യം ചെയ്യാൻ പോകുന്നതിനിടെയാണ് പിടിയിലായതെന്നാണ് കരുതുന്നതെന്നും ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, ഇവർക്ക് തോക്ക് എവിടെനിന്ന് കിട്ടി തുടങ്ങിയ കാര്യങ്ങളിലും ഊർജ്ജിതമായ അന്വേഷണം നടത്തിവരുന്നതായി കോവളം സി.ഐ പ്രൈജു. ജി പറഞ്ഞു.

ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ഷാജിയുടെ നിർദ്ദേശമനുസരിച്ച് വാഹനപരിശോധന നടത്തിയ കോവളം സിഐ പ്രൈജു. ജി, എസ്.ഐ മാരായ അനീഷ് കുമാർ, സുരേഷ് കുമാർ, എ.എസ്.ഐ മുനീർ, സിപിഒ മാരായ സൽവദാസ്, സുധീർ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments