ന്യൂഡൽഹി : രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്ന ആദ്യ വ്യക്തിയാണ് ദ്രൗപദി മുർമു. 776 പാർലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന 4809 പേരാണ് വോട്ടുചെയ്തത്. നാൽപ്പത്തിയൊന്ന് പാർട്ടികളുടെ പിന്തുണ ദ്രൗപദി മുർമുവിനുണ്ടായിരുന്നു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ തോൽപ്പിച്ചാണ് ദ്രൗപതി മുർമ്മു രാഷ്ട്രപതി പദത്തിലേക്കെത്തിയത്.
ഉച്ചയ്ക്ക് 1.30യോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ റൗണ്ടിൽ മുർമുവിന് 39 ശതമാനം വോട്ട് ലഭിച്ചിരുന്നു. 540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് റിപ്പോർട്ട്. 3,78,000 ആണ് മുര്‍മുവിന് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയാണുള്ളത്. 1,45,600 ആണ് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
'2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ദ്രൗപദി മുർമുവിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി എന്ന നിലയിൽ അവർ ഭരണഘടനയുടെ സംരക്ഷകയായി ഭയമോ പക്ഷപാതമോ കൂടാതെ പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു - തീർച്ചയായും, ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നു. ഞാൻ എന്റെ നാട്ടുകാരോടൊപ്പം ചേർന്ന് അവർക്ക് ആശംസകൾ നേരുന്നു,' പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായി മത്സരിച്ച യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
ഫലപ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില മുതിർന്ന അംഗങ്ങളും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും ദ്രൗപദി മുർമുവിനെ തീൻ മൂർത്തി മാർഗിലെ അവരുടെ താൽക്കാലിക വസതിയിൽ സന്ദർശിച്ച് അഭിനന്ദിക്കുമെന്ന് റിപ്പോർട്ടുണ്ട്. പാർട്ടി ആസ്ഥാനത്ത് നിന്ന് റോഡ്ഷോ നടത്തി ഡൽഹി ബിജെപി ഘടകം ആഘോഷങ്ങൾ ആരംഭിച്ചു. ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളും വിജയഘോഷയാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
മുർമുവിന്റെ ജന്മനാടായ ഒഡീഷയിലെ റായ്‌രംഗ്‌പൂരിലെ നിവാസികൾ ആഘോഷങ്ങൾക്കായി ഇതിനകം 20,000 മധുരപലഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലം പുറത്തുവന്നതിന് ശേഷം ആദിവാസി നൃത്തവും വിജയഘോഷ യാത്രയും പദ്ധതിയുടെ ഭാഗമാണ്.
ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം എൻ ഡി എ ക്യാംമ്പിന് വലിയ നേട്ടമായി. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദിക്ക് ലഭിക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികളായ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ചതും നേട്ടമായി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, വൈഎസ്ആർ കോൺഗ്രസ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ പിന്തുണയും ദ്രൗപദി മുർമുവിനായിരുന്നു.
ഗോത്ര വിഭാഗത്തിൽ നിന്ന് ഗവർണർ സ്ഥാനം വഹിച്ച ആദ്യ വനിതയെന്ന നേട്ടവും ദ്രൗപദി മുർമുവിനുണ്ട്. 1958 ജൂൺ 20 നാണ് ദ്രൗപദി മുർമു ജനിച്ചത്. 1997 ലാണ് ഇവർ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ആ വർഷം റായ് രംഗപൂരിലെ ജില്ലാ ബോർഡിലെ കൗൺസിലറായി ദ്രൗപദി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിൽ നിന്നും രണ്ട് തവണ ഇവർ എംഎൽഎയായിരുന്നു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു.
2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. അദ്ധ്യാപികയായിരുന്ന ദ്രൗപദി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജിൽ നിന്നാണ് ബിരുദം നേടുന്നത്. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. 2015 മെയ് 18 മുതൽ ഝാർഖണ്ഡിലെ ഗവർണ്ണറായി. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയായ ഇവർ ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ ഗവർണ്ണറും കൂടിയാണ്.
0 Comments