banner

'പരീക്ഷയ്ക്കിടെ ഉത്തക്കടലാസില്‍ കുരങ്ങന്‍ മൂത്രമൊഴിച്ചു'; പ്ലസ് വണ്‍ പരീക്ഷ വീണ്ടും നടത്തണമെന്ന് വിദ്യാര്‍ഥിനി

മലപ്പുറം : പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ കുരങ്ങന്‍ ഉത്തര പേപ്പറിലേക്ക് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പരീക്ഷ വീണ്ടും എഴുതാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ഥിനി രംഗത്ത്. മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഷിഫ്‌ല കെ.ടിക്കാണ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്.  കഴിഞ്ഞ മാസം 24 ന് പ്ലസ് വണ്‍ ബോട്ടണി പരീക്ഷക്കിടെയാണ് സംഭവം.

ഷിഫ്‌ല പറയുന്നതിങ്ങനെ....

'ഞാന്‍ ഹാളില്‍ ഏറ്റവും പിറകിലെ ബെഞ്ചിലാണ് ഇരുന്നത്. ക്ലാസിലുണ്ടായിരുന്ന ടീച്ചര്‍ മൊബൈലില്‍ എന്തോ എടുക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മുകളില്‍ കുരങ്ങനെ കണ്ടത്. പെട്ടെന്ന് എന്‍റെ ഉത്തര കടലാസിലേക്ക് അത് മൂത്രമൊഴിച്ചു. എന്‍റെ ഉത്തരക്കടലാസും ഹാള്‍ ടിക്കറ്റും, ചോദ്യ കടലാസ്സുമെല്ലാം നനഞ്ഞു. 

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് പറഞ്ഞപ്പോള്‍ ആദ്യം വേറെ ചോദ്യപേപ്പര്‍ ഇല്ലെന്ന് പറഞ്ഞു. ഉത്തരക്കടലാസ് തന്ന് വീണ്ടും എഴുതാന്‍ അവര്‍ ആവശ്യപ്പെട്ടു. പിന്നെ പ്രിന്‍സിപ്പലിനെ അറിയിച്ച് രണ്ടാമത് ചോദ്യപേപ്പര്‍ കിട്ടിയപ്പോഴേക്കും ഏറെ സമയം കഴിഞ്ഞിരുന്നു. 

ഞാന്‍ ആകെ ടെന്‍ഷനിലായി. ആദ്യം എഴുതിയത് മുഴുവന്‍ വീണ്ടും എഴുതേണ്ട അവസ്ഥ. എന്നാല്‍ നഷ്ടപ്പെട്ട സമയം അധികം തന്നതുമില്ല. ഇത്ര സമയമേ തരാന്‍ പറ്റൂ എന്ന നിലപാടിലായിരുന്നു ഇന്‍വിജിലേറ്ററുടെ സമീപനം.'ഇക്കാര്യം പ്രിന്‍സിപ്പലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അതത്ര ഗൗരവത്തിലെടുത്തില്ല. ഇമ്പ്രൂവ്‌മെന്‍റ് പരീക്ഷ എഴുതാന്‍ അവസരം ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ക്ലാസിലുണ്ടായിരുന്ന ടീച്ചര്‍ കുരങ്ങനെ ഓടിക്കാനൊന്നും നോക്കിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇത് പോലെ സംഭവിക്കില്ലായിരുന്നു. എനിക്ക് പരീക്ഷ വീണ്ടും എഴുതാന്‍ അവസരം ലഭിക്കണം. അതാണ് ആവശ്യം.' ഷിഫ്‌ല കെ.ടി പറഞ്ഞു. കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ കുരങ്ങന്മാര്‍ കയറുന്നത് പതിവാണ്. ഷിഫ്‌ലയുടെ പിതാവ് ഹബീബ് റഹ്മാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി. 

Post a Comment

0 Comments