കണ്ണൂര്‍ : എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന ആരോപണം തെറ്റായ പ്രചാരണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആകാശത്ത് നിന്നുള്ള പ്രചാരണമാണത്. അത് വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന ഒരു രേഖയും പൊലീസിന് ലഭിച്ചിട്ടില്ല. ആകാശത്ത് നിന്ന് ഒരു കൂട്ടര്‍ വര്‍ത്തമാനം പറയുമ്പോള്‍ വിശ്വസിക്കരുത്. തെറ്റായ പ്രചാരണമാണ്, പൊലീസ് നല്ലനിലയില്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പലരിലേക്കും നീണ്ട് പോയിക്കൊണ്ടിരിക്കുന്നുണ്ട്. കുറേ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. മുഴുവന്‍ വിവരവും മനസ്സിലാക്കിയാല്‍ പൊലീസ് നിങ്ങളുടെ മുന്നില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും വാര്‍ത്തയോട് പ്രതികരിക്കവെ ഇ പി ജയരാജന്‍ പറഞ്ഞു.
എകെജി സെന്ററിന് നേരെയുണ്ടായ സ്‌ഫോടക വസ്തു ഏറിന് പിന്നില്‍ സിപിഐഎം തന്നെയാണെന്ന് ജനം ടി വിയും മറുനാടന്‍ മലയാളിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'സ്‌ഫോടക വസ്തു എറിയുന്നതിന് മുമ്പ് 12 തവണ ഒരു ചുവപ്പ് ഹോണ്ട ആക്ടീവ കടന്നു പോയിരുന്നു. ഈ വാഹനത്തിന്റെ ഉടമ ചെങ്കല്‍ചൂളയിലെ സിപിഐഎം പ്രവര്‍ത്തകനായ വിജയ് എന്നയാളുടേതാണ്.' ഇയാള്‍ വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ അംഗവുമായ ഐപി ബിനുവുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചുവെന്നടക്കമായിരുന്നു ജനം ടി വി റിപ്പോര്‍ട്ട്. സമാന രീതിയില്‍ മറുനാടന്‍ മലയാളിയും വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു ഇ പി ജയരാജന്‍.
ഐപി ബിനുവും വിജയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഡിലീറ്റ് ചെയ്തുവെന്നും ഐപി ബിനുവിനെ സംരക്ഷിക്കാന്‍ സിഡിആര്‍ രേഖകളില്‍ പോലും സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കൃത്രിമം കാട്ടിയെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
0 Comments