banner

നേരത്തോട് നേരം കഴിഞ്ഞു; എ.കെ.ജി സെൻ്റർ അക്രമത്തിന് പിന്നിലെ പ്രതിയെ പിടികൂടാനാകാതെ പൊലീസ്

തിരുവനന്തപുരം : എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ കേസിൽ ഇരുട്ടിൽത്തപ്പി പൊലീസ്. അക്രമിയെയും ഇയാൾ സഞ്ചരിച്ച വാഹനവും ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്തേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ് കടന്നുകളഞ്ഞ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എ.കെ.ജി സെന്ററിൽനിന്ന് പ്രതി സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസിന്റെ അന്വേഷണം. പൊട്ടക്കുഴി ജങ്ഷൻ വരെ പ്രതി എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവയിൽ ഒന്നിൽനിന്നുപോലും വാഹനത്തിന്റെ നമ്പരോ പ്രതിയെയോ തിരിച്ചറിയാനായിട്ടില്ല.

പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ കമ്മിഷണർ സ്പർജൻ കുമാർ, ഡി.സി.പി അങ്കിത് അശോക് എന്നിവരും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതികളെന്ന് സംശയിച്ച രണ്ടുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കഴക്കൂട്ടം ചാന്നാങ്കര സ്വദേശിയെയും വെമ്പായം സ്വദേശിയെയുമാണ് വിശദമായി ചോദ്യം ചെയ്ത് നിരപരാധികളെന്ന് കണ്ട് വിട്ടയച്ചത്. അതേസമയം, പൊലീസ് അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Post a Comment

0 Comments