banner

കർഷകർ ജാഗ്രതൈ!, രാജ്യത്ത് ആദ്യമായി ചക്കയിലും കുമിൾ രോഗം; പരിശോധിച്ചത് കൊല്ലമുൾപ്പെടെ നാല് ജില്ലകളിലെ സാമ്പിൾ

തിരുവനന്തപുരം : പ്ലാവിനേയും സമീപത്തെ മരങ്ങളേയും ചെടികളേയും വരെ ആക്രമിച്ച്‌ നശിപ്പിക്കുന്ന കുമിള്‍ രോഗം പടരുന്നു.
ഇതിനകം നാല് ജില്ലകളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. മണ്ണിനോടു ചേര്‍ന്നു കിടക്കുന്ന കായ്കളെ ബാധിച്ച്‌ വളരെ വേഗം മറ്റു ചക്കകളിലേക്കും മരത്തിലേക്കും വ്യാപിച്ച്‌ എല്ലാം നശിപ്പിക്കുന്ന രോഗമാണിത്. രാജ്യത്ത് ആദ്യമായാണു ചക്കയില്‍ കുമിള്‍ രോഗം കണ്ടെത്തുന്നത്.

മണ്ണുജന്യ രോഗാണുവായതിനാല്‍ പ്ലാവിനു സമീപത്തെ ചെടികളെയും വൃക്ഷങ്ങളെയും ആക്രമിച്ചു പൂര്‍ണമായി നശിപ്പിക്കും. ഈ വര്‍ഷമാദ്യം ശക്തമായ മഴയെത്തുടര്‍ന്നു രോഗം വ്യാപിച്ചു. പഴുക്കാത്ത ചക്കയിലാണു കുമിള്‍ രോഗം കണ്ടെത്തിയത്. കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്നു വിദഗ്ദ്ധര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരം, കോട്ടയം പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നു ശേഖരിച്ച ചക്കകളുടെ സാമ്പിളുകളും കൂടി പരിശോധിച്ചതോടെ രോഗം സ്ഥിരീകരിച്ചു. കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ തിരുവനന്തപുരത്ത് കരമനയിലുള്ള സംയോജിത കൃഷി ഗവേഷണ കേന്ദ്രത്തിലെ (ഐഎഫ്‌എസ്‌ആര്‍എസ്) ഗവേഷകരാണു ചക്കയിലെ കുമിള്‍ രോഗം കണ്ടെത്തിയത്.

തിരുവനന്തപുരം കൈമനത്തെ കര്‍ഷകന്റെ പുരയിടത്തില്‍ നിന്നു ശേഖരിച്ച ചക്കയിലെ സാമ്പിളുകളാണു കഴിഞ്ഞ നവംബറില്‍ ഇവിടെ പരിശോധിച്ചത്. പിന്നീട് മൂന്ന് ജില്ലകളിലേത് കൂടി പരിശോധിച്ച്‌ രോഗം സ്ഥിരീകരിച്ചു.

അഥീലിയ റോള്‍ഫ്‌സി എന്നാണു ഈ രോഗാണുവിന്റെ പേര്. വിവിധ വിളകളെ ഇത് ആക്രമിക്കും. കുമിള്‍ രോഗം ബാധിച്ചു ചക്കകള്‍ ചീഞ്ഞഴുകുന്നത് ഇതാദ്യമാണെന്ന് ഐഎഫ്‌എസ്‌ആര്‍എസിലെ അസി.പ്രഫസര്‍ ഡോ.എ.സജീന പറഞ്ഞു.

കാറ്റിലൂടെയും മഴത്തുള്ളികളിലൂടെയുമാണു രോഗം പടരാന്‍ സാധ്യത. ജേണല്‍ ഓഫ് പ്ലാന്റ് പതോളജിയില്‍ ഗവേഷണ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചക്കയുടെ പുറമേ തൂവെള്ള നിറത്തിലുള്ള കുമിളിന്റെ വളര്‍ച്ചയാണ് ആദ്യ ലക്ഷണം. തുടര്‍ന്ന്, ഉള്‍ഭാഗത്തേക്കും രോഗം ബാധിച്ചു ചക്ക ചീഞ്ഞു നശിക്കും.

രോഗലക്ഷണം കണ്ടാലുടന്‍ ചക്കകള്‍ പൂര്‍ണമായി വെട്ടിമാറ്റി നശിപ്പിക്കണം. കുമിള്‍ രോഗ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചു കാര്‍ഷിക സര്‍വകലാശാലയില്‍ പഠനം ആരംഭിച്ചു.

Post a Comment

0 Comments