മെട്രോയില്‍ നിന്ന് ഡാന്‍സ് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിക്കെതിരെ നിയമനടപടി. ഹൈദരാബാദ് മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡാന്‍സ് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. മെട്രോയ്ക്ക് അകത്തുനിന്ന് തമിഴ് ഗാനത്തിനൊപ്പം പെണ്‍കുട്ടി ചുവടുവയ്ക്കുന്നതാണ് റീല്‍സിലുള്ളത്. പിറകിലായി യാത്രക്കാരെയും കാണാം.
റീല്‍സ് ചെയ്യുന്നത് സ്വന്തം ഇഷ്ടമാണെങ്കിലും വിഡിയോ ചിത്രീകരിക്കുമ്പോള്‍ അതിന് പ്രത്യേകം അനുവാദം തേടേണ്ട സ്ഥലങ്ങളില്‍ അത് ചെയ്യാതിരുന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടിവന്നേക്കുമെന്ന് തെളിയിക്കുന്നതാണ് സംഭവം. റീല്‍സ് വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മെട്രോയ്ക്ക് അകത്ത് റീല്‍സെടുക്കാന്‍ പെണ്‍കുട്ടിക്ക് ആരാണ് അനുവാദം നല്‍കിയതെന്നും ഇതെല്ലാം യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ ഡാന്‍സ്- പാട്ട് പോലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് ശല്യമാകുന്നതെന്നും അത് തിരക്കുപിടിച്ച നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനേ സഹായിക്കൂവെന്നും വാദിച്ച് മറുവിഭാഗവും രംഗത്തെത്തി. എന്തായാലും ഇതിനിടെ പെണ്‍കുട്ടിക്കെതിരെ ആരോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചത്.
0 Comments