banner

പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ അൻപതോളം വീടുകള്‍ ഒലിച്ചു പോയി

ഇസ്‌ലമാബാദ് : കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പാകിസ്ഥാനിലെ അപ്പര്‍ കൊഹിസ്ഥാന്‍ താഴ്‌വരയിലെ കാന്‍ഡിയ തഹസില്‍ ഞായറാഴ്ച വന്‍ നാശം. കുറഞ്ഞത് 50 വീടുകളും മിനി പവര്‍ സ്റ്റേഷനുകളും ഒലിച്ചുപോയതായി ഡോണ്‍(Dawn) റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നഷ്ടം വിലയിരുത്തുന്നതിനുമായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് അഞ്ച് ടീമുകളെ അയച്ചിട്ടുണ്ടെന്ന് റെവന്യൂ ഓഫീസര്‍ മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാല്‍ 100 വീടുകള്‍ ഒലിച്ചുപോയതായി പ്രദേശവാസികള്‍ പറയുന്നു. രണ്ട് ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നിരവധി ആളുകള്‍ ഭവനരഹിതരായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദാന്‍ഷ്, ബെര്‍ട്ടി, ജഷോയ്, ഡാംഗോയ് എന്നീ നാല് ഗ്രാമങ്ങളിലെ ജലവിതരണ സംവിധാനങ്ങള്‍ തകരാറിലായി. വെള്ളപ്പൊക്കമുണ്ടാവുന്നതിന് മുമ്പ് ഗ്രാമവാസികളെ ഒഴിപ്പിക്കാനായത് വലിയ അപകടം ഒഴിവാക്കി. ജഷോയ് പ്രദേശത്തെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

45 ടെന്റുകളും മറ്റ് അവശ്യവസ്തുക്കളും ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അധികൃതര്‍ ലഭ്യമാക്കിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ദുരിതബാധിത പ്രദേശങ്ങളില്‍ എത്തുമെന്ന് റിയാസ് പറഞ്ഞു.

ദാസ്സു ജലവൈദ്യുത പദ്ധതിയുടെ ഭാരമേറിയ യന്ത്രങ്ങള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുവീണെങ്കിലും കാര്യമായി നഷ്ടം ഉണ്ടായിട്ടില്ല. കാന്‍ഡിയയിലെ ദുരിതബാധിതരായ കുടുംബങ്ങള്‍ക്കായി ഭക്ഷണസാധനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ജഷോയിയില്‍ കൂടാരങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നും കൂടുതല്‍ പേര്‍ ബിര്‍ത്വിയിലേക്കുള്ള വഴിയിലാണെന്നും അധികൃതര്‍ പറയുന്നു.

2010, 2011, 2016 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തില്‍ കാന്‍ഡിയ തഹസില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന് ശേഷം താഴ്വരയുടെ പുനര്‍നിര്‍മാണം നടന്നിരുന്നില്ല.

Post a Comment

0 Comments