banner

ഷിന്‍സോ ആബേ വെടിയേറ്റ് മരിച്ചു



ടോക്യോ : ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു. അക്രമിയുടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് 67കാരനായ ഷിന്‍സോ ആബേയുടെ അന്ത്യം സംഭവിച്ചത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവാണ് ഷിന്‍സോ ആബേ.

2006 മുതല്‍ 2007 വരെയും 2012 മുതല്‍ 2020 വരെയും അദ്ദേഹം പ്രധാനമന്ത്രി പദവിയില്‍ ഇരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 2020ല്‍ സ്ഥാനം ഒഴിഞ്ഞു. ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് ഇന്ത്യ 2021ല്‍ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്നു ഷിന്‍സോ ആബേ. ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കവേയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ട് പ്രാവശ്യം വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞുവീണ ആബേയെ എയര്‍ ലിഫ്റ്റ് വഴി ആശുപത്രിയില്‍ എത്തിച്ചു. ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണെന്നുമാണ് അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്. ആബേയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവം അറിഞ്ഞയുടന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദോ രാജ്യത്തെ അഭിസംബോധന ചെയ്തു. ഷിന്‍സോ ആബേ അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കാനുമാണ് അദ്ദേഹം അഭ്യര്‍ഥിച്ചത്. ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ഇതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആബെ. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിയുതിര്‍ത്ത അക്രമിയുടെ പേര് യമഗാമി തെത്സുയ എന്നാണ്. ഷിന്‍സോയെ വെടിവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. നാരാ നഗരവാസിയായ മുന്‍ പ്രതിരോധസേനാംഗമാണ് യമഗാമി തെത്സുയ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. വെടിവച്ച തോക്ക് ഇയാള്‍ സ്വയം നിര്‍മ്മിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments