banner

മലപ്പുറം ജില്ലയിലെ വിദ്യാർഥികളോട് സർക്കാർ വിവേചനം കാണിക്കുന്നു; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : പത്താം ക്ലാസ് പാസ്സായ മലപ്പുറം ജില്ലയിലെ വിദ്യാർഥികളോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മൂന്നിയൂർ എച്ച്എസ്എസ് സ്കൂൾ സുപ്രീം കോടതിയെ സമീപിച്ചു. സ്കൂളിന് അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ മലപ്പുറം ജില്ലയിലെ വിദ്യാർഥികളോട് ഭരണഘടനപരമായ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ പാറകടവ് മൂന്നിയൂർ എച്ച്എസ്എസ്സിൽ പ്ലസ് വണ്ണിൽ അധിക ബാച്ച് അനുവദിക്കാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ നൽകിയ അപ്പീലിൽ ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റ് സുപ്രീം കോടതിയിൽ നൽകിയ പ്രത്യേക അനുമതി ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ നയം വിവേചന പരമെന്ന് ആരോപിച്ചിരിക്കുന്നത്.

2021-22 അധ്യയന വർഷം മലപ്പുറം ജില്ലയിൽ സർക്കാർ സിലബസിൽ പത്താം ക്ലാസ് പാസായത് 71,625 പേരാണ്. ഈ വർഷം അത് മുക്കാൽ ലക്ഷം കടന്നുവെന്നാണ് ഹർജിയിൽ വിശദീകരിച്ചിരിക്കുന്നത്. എന്നാൽ ജില്ലയിൽ ആകെയുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം 65,035 ആണ്. സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെ മറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ കൂടി എത്തുന്നതോടെ ജില്ലയിലെ പല വിദ്യാർഥികൾക്കും തുടർ പഠനം ബുദ്ധിമുട്ടാകുന്നുവെന്നാണ് സ്കൂൾ മാനേജർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ മൊത്തം കണക്ക് പരിശോധിക്കുമ്പോൾ എസ്എൽസിസി പരീക്ഷയ്ക്ക് വിജയിക്കുന്ന വിദ്യാർഥികളെകാൾ കൂടുതൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാണെന്നും അഭിഭാഷകൻ സുൽഫിക്കർ അലി പി എസ് ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അധിക ബാച്ചുകൾ അനുവദിക്കാതെ നിലവിലുഉള്ള ബാച്ചുകളിൽ കൂടുതൽ സീറ്റുകൾ ആണ് സർക്കാർ അനുവദിക്കുന്നത്. ഇത് കാരണം ഓരോ ക്ലാസിലും എഴുപതിലധികം വിദ്യാർഥികളാണ് ഉള്ളതെന്നും എന്നാൽ മറ്റ് ജില്ലകളിൽ ഓരോ ക്ലാസിലും അമ്പതോളം വിദ്യാർത്ഥികൾ മാത്രമാണ് പഠിക്കുന്നത്. ഇതും ജില്ലയിലെ വിദ്യാർഥികളോട് കാണിക്കുന്ന വിവേചനത്തിന്റെ ഉദാഹരണമായി സ്കൂൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Post a Comment

0 Comments