banner

പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

കൊല്ലം : ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഒന്നര ലക്ഷം രൂപ പൊലീസ് ഉദ്യേഗസ്ഥയായ രജിതയില്‍ നിന്നും ഈടാക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്.

കോടതി ചെലവായ 25000 രൂപയും പൊലീസ് ഉദ്യോഗസ്ഥ നല്‍കണം. ജയചന്ദ്രന്റെ അപ്പീലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോയെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഈ പണം നമ്പി നാരായണന് നല്‍കിയത് പോലെ അപമാനിതയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരി പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായത്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ജനങ്ങളുമായി ഇടപെടുന്നതിന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

മൊബൈല്‍മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പിങ്ക് പൊലീസിന്റെ പരസ്യവിചാരണ. ഐ.എസ്.ആര്‍.ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും എട്ടുവയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചത്. അച്ഛനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്.

ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഡി.വൈ.എസ്.പി നല്‍കിയത്.

തുടര്‍ന്ന് ജയചന്ദ്രന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പി ഉത്തരവിട്ടു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് ഐ.ജിയും റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചത്. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഐ.ജി പറഞ്ഞത്.

Post a Comment

0 Comments