banner

നിയമപാലനം പോലീസ് സദാചാര പ്രവർത്തകർക്ക് കൈമാറിയോ?; അഞ്ചാലുംമൂട്ടിൽ സദാചാര ഗുണ്ടായിസം

അഞ്ചാലുംമൂട് : പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വഴി നടക്കാൻ കഴിയാത്ത രീതിയിൽ അഞ്ചാലുംമൂട്ടിൽ സദാചാര ഗുണ്ടായിസം വിപുലമാകുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അഞ്ചാലുംമൂട് പോലീസ് മൗനം നടിക്കുന്നതോടെ സദാചാര സംഘം പൊതുമധ്യത്തിൽ നായകന്മാരായി വിലസുകയാണ്. ഇത്തരത്തിൽ സദാചാര ഗുണ്ടായിസത്തിന് ഇരയാകുന്നത് തൊട്ടടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളാണെന്നതും പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം അഞ്ചാലുംമൂട് ജംങ്ഷനിൽ സംസാരിച്ചു നില്ക്കുകയായിരുന്ന ആൺ സുഹൃത്തിന് നേരെയുണ്ടായ ആക്രമണമാണ് ഏറ്റവും ഒടുവിലത്തേത്. പെൺകുട്ടിയുമായി ജംങ്ഷനിൽ സംസാരിച്ചു കൊണ്ടിരുന്ന യുവാവിനെ പെൺകുട്ടിയുടെ  പ്രദേശവാസിയും സദാചാര വാദിയുമായ യുവാവ് ചോദ്യം ചെയ്യുകയും വാക്കേറ്റത്തിൽ കലാശിയ്ക്കുകയും  ചെയ്തു. ഒരു കാര്യമില്ലാതെ, പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ തന്നെ അടിച്ചതിന് യുവാവ് തിരിച്ചടിച്ചു. ഇത് കണ്ടു നിന്ന അഞ്ചാലുംമൂട്ടിലെ  ഒരു പറ്റം സദാചാര പ്രവർത്തകർ യുവാവിനെ കൂട്ടം കൂടി അടിയ്ക്കുകയും പോരാഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വകയും കിട്ടി പ്രയോഗം.  

ഇതിൽ ഉൾപ്പെട്ട പെൺകുട്ടിളെ ഒരു സുരക്ഷയുമില്ലാതെ ജംങ്ഷനിൽ ഉപേക്ഷിച്ചിട്ട്  എസ്.ഐ ഉല്പടെയുള്ള പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേയ്ക്ക് പോയി. ആളുകളുടെ ശല്യം സഹിയ്ക്കാതെ അടുത്തുള്ള കടയിൽ പെൺകുട്ടികൾ അഭയം തേടി. എന്നിട്ടും വിടാതെ പിൻതുടർന്ന ആളുകളിൽ നിന്നും രക്ഷതേടാൻ എസ്.പി.സി കേഡറ്റും അടുത്ത സ്ക്കൂളിലെ വിദ്യാർത്ഥിനിയുമായ സുഹൃത്തിന്റെ സഹായം തേടുകയും സുഹൃത്തെത്തി അവരെ  ബസ് കയറ്റി വിടുകയും ചെയ്തു. ബസിലേയ്ക്ക് നടന്നടുത്ത പെൺകുട്ടികളുടെ നേരെ മൊബൈലുമായി പാഞ്ഞടുത്ത സദാചാരക്കാരെ പെൺകുട്ടി വളരെ രൂക്ഷമായി  നേരിട്ടതും, ഇത്തരത്തിൽ പെൺകുട്ടിയുടെ ആങ്ങള ചമയാൻ വന്ന യുവാക്കളെ പെൺകുട്ടി തെറിപറഞ്ഞ് ഓടിച്ചതും ഇത്തരക്കാരോടുള്ള പെൺകുട്ടികളുടെ അമർഷം വെളിവാക്കുന്നു.
ഇവർക്കിരയാകുന്നത് പലപ്പോഴും സ്കൂൾ കുട്ടികളാണ്. സദാചാര മറവിൽ ബസ് കാത്തു നില്ക്കുന്ന പെൺകുട്ടികളുടെ ഫോട്ടോകൾ മൊബൈലിൽ പകർത്താറുണ്ടെന്നും ചില വിദ്യാർത്ഥികൾ ആരോപിക്കുന്നു.

സദാചാര വാദികളിൽ പലരും സ്ത്രീ വിഷയങ്ങളിലും അടിപിടി, അബ്കാരി കേസുകളിലും ഉല്പടെ  പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയവരാണെന്നുള്ളത് കൗതുകരമായ വസ്തുതയാണ്. പെൺകുട്ടികളോട് ആൺകുട്ടികൾ സംസാരിച്ചാൽ ഇവർക്ക് നേരെ അസഭ്യവർഷം ചൊരിയലും കൈയ്യേറ്റ ശ്രമവുമാണ് അഞ്ചാലുംമൂട്ടിലെ പതിവ് കാഴ്ച. സംഭവം വാദി പൊലീസിൽ അറിയിച്ചാൽ വാദിയെ ജീപ്പിൽ കയറ്റി പ്രതിയോട് സ്റ്റേഷനിൽ എത്തണെയെന്നറിച്ച് മടങ്ങുന്നതാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

പൊതുവഴി കൈയ്യേറി വ്യാപാര സ്ഥാപനങ്ങൾ വികസിപ്പിച്ചപ്പോൾ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ബസ് കാത്ത് റോഡരികിൽ നില്ക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരം പ്രശ്നങ്ങളിൽ ക്രമസമാധാന ചുമതലയുള്ള പൊലീസ് മൗനം നടിക്കുന്നതായും ആരോപണമുണ്ട്. അഞ്ചാലുംമൂട്ടിൽ എല്ലാ ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ പോലീസ് പട്രോളിംങ് ഏർപ്പെടുത്തണമെന്ന വളരെക്കാലമായുള്ളആവശ്യവും വ്യഥാവിലാണ്.

ആൺകുട്ടികളുള്ള രക്ഷകർത്താക്കളുടെ ശ്രദ്ധയിലേയ്ക്ക് ....
മക്കളെ അഞ്ചാലുംമൂട്ടിലെ സ്ക്കുളുകളിലേയ്ക്ക് / വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് വിടുമ്പോൾ വീട്ടിൽ 50000/- ത്തിന്റെ ഒന്ന് രണ്ട് നോട്ട് കെട്ടുകൾ കരുതുന്നത് നല്ലതായിരിക്കും..

Post a Comment

0 Comments