banner

ഐഐടി വിദ്യാര്‍ഥിനിയെ ലൈംഗികമായി അധിക്ഷേപിച്ചു; ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍



റാഞ്ചി : ഐഐടി വിദ്യാര്‍ഥിനിയായ ട്രെയിനിയെ ലൈംഗികമായി അധിക്ഷേപിച്ചതിന് ഐഎഎസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. സയീദ് റിയാസ് അഹമ്മദിനെതിരെയാണ് വെള്ളിയാഴ്ച ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടപടിയെടുത്തത്. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി പരാതിപ്പെട്ടതിന് പിന്നാലെ കുന്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട്(എസ്ഡിഎം) സയീദിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം 354, 354എ, 509 എന്നീ വകുപ്പുകളാണ് സയീദിനെതിരെ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ അഞ്ചിനാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പരിശീലനത്തിന്റെ ഭാഗമായാണ് ഇരയുള്‍പ്പെടെ എട്ട് ഐഐടി വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

എട്ടുപേരും ശനിയാഴ്ച ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മിഷണറുടെ വസതിയില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനിടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന തന്നെ കണ്ട എസ്ഡിഎം ലൈംഗികമായി അധിക്ഷേപിച്ചെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ മനസിലായി. സയീദുള്‍പ്പെടെ വിരുന്നിനെത്തിയവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments